മോഹന്‍ലാല്‍ തമിഴില്‍ ആദ്യമായി മുഴുനീളവേഷം ചെയ്ത ചിത്രമായിരുന്നു ഇരുവര്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ മണിര്തനമാണ് ചിത്രം അണിയിച്ചൊരുക്കിയത്. തമിഴ് ജനതയുടെ നായകനായ എം.ജി.ആറിന്റെയും കരുണാനിധിയുടെയും സൗഹൃദത്തെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം ഇരുവര്‍ ഒരുക്കിയത്. ബോക്‌സ് ഓഫീസില്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാലക്രമേണ ക്ലാസിക് പദവി നേടാന്‍ ചിത്രത്തിന് സാധിച്ചു.
ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. മണിരത്‌നം തന്നോട് കഥ പറഞ്ഞപ്പോള്‍ എന്തിനാണ് തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്ന് താന്‍ ചോദിച്ചുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ സമയത്ത് അത് എം.ജി.ആറിന്റെ കഥ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞിട്ടില്ലെന്നും ഷൂട്ട് തുടങ്ങിയപ്പോഴാണ് അക്കാര്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ താന്‍ ചിലപ്പോള്‍ എം.ജി.ആറിനെ മിമിക് ചെയ്‌തേനെയെന്നും പറയാത്തതുകൊണ്ട് താന്‍ സ്വാഭാവികമായി പെര്‍ഫോം ചെയ്‌തെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിലെ തന്റെ പെര്‍ഫോമന്‍സ് പലരും അഭിനന്ദിക്കുന്നതിന് കാരണം അത്രമാത്രം ബ്രില്യന്റായിട്ടുള്ള സ്‌ക്രിപ്റ്റ് കാരണമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായാണ് താന്‍ ഇരുവരിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തില്‍ കഴുത്തിന് വെടിയേറ്റതിന് ശേഷം സംസാരിക്കുന്ന സീന്‍ കണ്ട് പലരും അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ എം.ജി.ആറിനെ നേരിട്ട് കണ്ടിരുന്നെന്നും അതില്‍ നിന്നാണ് ആ കര്‍ച്ചീഫ് പിടിക്കുന്ന മാനറിസം കിട്ടിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘മണിരത്‌നം എന്നെ ഇരുവരിലേക്ക് വിളിച്ചപ്പോള്‍ എന്തിനാണ് എന്നെ വിളിക്കുന്നത് എന്നാണ് ചോദിച്ചത്. കഥ പറഞ്ഞ സമയത്ത് അത് എം.ജി.ആറിന്റെ കഥയാണെന്ന് എന്നോട് മണിരത്‌നം പറഞ്ഞിരുന്നില്ല. ഷൂട്ട് തുടങ്ങിയപ്പോഴാണ് എന്നോട് അക്കാര്യം പറഞ്ഞത്. കാരണം, ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ എം.ജി.ആറിനെ മിമിക് ചെയ്യുന്നത് പോലെയായേനെ. അങ്ങനെ പറയാത്തതുകൊണ്ട് എന്റെ പെര്‍ഫോമന്‍സില്‍ ഒരു നാച്ചുറാലിറ്റി വന്നതെന്ന് കരുതുന്നു. ഇരുവര്‍ തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഫൈനസ്റ്റ് ക്രാഫ്റ്റാണ്.
ഒരുപാട് ലെജന്‍ഡുകളാണ് ആ സിനിമയുടെ പിന്നില്‍ വര്‍ക്ക് ചെയ്തത്. എന്റെ പെര്‍ഫോമന്‍സിനെ ഇന്നും പലരും അഭിനന്ദിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം, ആ സ്‌ക്രിപ്റ്റിന്റെ ബ്രില്യന്‍സാണ്. ആ സിനിമയില്‍ കഴുത്തിന് വെടിയേറ്റതിന് ശേഷം സംസാരിക്കുന്ന ഭാഗമൊക്കെ കണ്ടിട്ട് പലരും പ്രത്യേകം അഭിനന്ദിച്ചിരുന്നു. മാത്രമല്ല, ഞാന്‍ എം.ജി.ആര്‍ സാറിനെ ഒരിക്കല്‍ നേരിട്ട് കണ്ടിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം കൈയില്‍ ഒരു കര്‍ച്ചീഫ് എപ്പോഴും കൊണ്ടുനടക്കുന്നത് സിനിമയിലും കാണിച്ചത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal talks about his performance in Iruvar movie