സിനിമയില്‍ എനിക്കും മമ്മൂട്ടിക്കാക്കും കിട്ടിയ ഒരു ഭാഗ്യമുണ്ട്; അത് യൂത്തിനും കിട്ടണം: മോഹന്‍ലാല്‍
Entertainment
സിനിമയില്‍ എനിക്കും മമ്മൂട്ടിക്കാക്കും കിട്ടിയ ഒരു ഭാഗ്യമുണ്ട്; അത് യൂത്തിനും കിട്ടണം: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th September 2024, 10:17 pm

ഒരു നടന് നല്ല കഥാപാത്രം കിട്ടുകയെന്നത് വലിയ ഭാഗ്യമാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. സിനിമയില്‍ പുതുതായി വന്നവരൊക്കെ വളരെ ബ്രില്ല്യന്റാണെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

തനിക്കും മമ്മൂട്ടിക്കും വളരെ നല്ല കഥകളും സ്‌ക്രിപ്റ്റും ലഭിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം മികച്ച കഥാപാത്രങ്ങള്‍ ഇന്നത്തെ തലമുറയിലെ ആളുകള്‍ക്കും കിട്ടണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുതിയ സംവിധായകര്‍ സിനിമ ചെയ്യുമ്പോള്‍ അവര്‍ തന്നെ കഥകള്‍ എഴുതാന്‍ ശ്രമിക്കണമെന്നും നടന്‍ പറയുന്നു.

‘സിനിമയില്‍ പുതുതായി വന്നവരൊക്കെ വളരെ ബ്രില്ല്യന്റാണ്. അത്തരത്തില്‍ ബ്രില്ല്യന്റായ ഒരുപാട് ആളുകളുണ്ട്. എനിക്കും മമ്മൂട്ടിക്കാക്കും ഒക്കെ കിട്ടിയ ഒരു ഭാഗ്യമുണ്ട്. നല്ല കഥകളാണ് അത്. വളരെ നല്ല സ്‌ക്രിപ്റ്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിയത്.

അതുപോലെയുള്ള നല്ല കഥാപാത്രങ്ങള്‍ ഇന്നത്തെ തലമുറയിലെ ആളുകള്‍ക്കും കിട്ടണം. അതാണ് ഒരു ആക്ടറിന്റെ ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ സിനിമയില്‍ വരുന്ന സമയത്ത് അരവിന്ദേട്ടന്‍, ഭരതേട്ടന്‍, പത്മരാജന്‍ സാര്‍, ശശികുമാര്‍ സാര്‍, സത്യന്‍ സാര്‍ അങ്ങനെയുള്ള ഒരുപാട് പേരുടെ സിനിമകള്‍ ചെയ്യാന്‍ പറ്റി.

ബ്ലെസിയെ പോലെയുള്ളവരുടെ സിനിമയുടെ ഭാഗമാകാനും സാധിച്ചു. അദ്ദേഹമൊക്കെ വളരെ ബ്രില്ല്യന്റായിട്ടുള്ള സംവിധായകനാണ്. അവര് തന്നെയാണ് മിക്ക കഥകളും എഴുതിയിരുന്നത്. പുതിയ സംവിധായകര്‍ സിനിമ ചെയ്യുമ്പോള്‍ അവര് തന്നെ കഥകള്‍ എഴുതാന്‍ ശ്രമിക്കണം. ഞാന്‍ പറഞ്ഞ് വന്നത് ഒരു ആക്ടറിന് നല്ല റോള്‍ കിട്ടുകയെന്നത് വലിയ ഭാഗ്യമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About His Movies And New Actors