എന്തുകൊണ്ടാണ് സൗഹൃദത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഒരു മനുഷ്യന്‍ എന്ന നിലയില്‍ സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുക എന്നത് നിങ്ങളുടെ ധര്‍മമാണ്. ഒരാളോട് നന്നായി ചിരിച്ച് സംസാരിക്കുന്നതും ഒരാളോട് നന്നായി പെരുമാറുന്നതും നമ്മള്‍ ചെയ്യേണ്ട കാര്യമാണ്.
അതുകൊണ്ട് നമുക്ക് ഒരു നഷ്ടവും ഇല്ല. നേരെ തിരിച്ചാണ് പെരുമാറുന്നതെങ്കില്‍ അവര്‍ക്ക് ഭയങ്കരമായ സങ്കടം ഉണ്ടാകും. എന്നെ കാണുമ്പോള്‍ ഒരാള്‍ ചിരിച്ചില്ല എങ്കില്‍ എനിക്ക് സങ്കടം ഉണ്ടാകുന്നത് പോലെയാണ് തിരിച്ചും.
നമ്മള്‍ ഏറ്റവും നന്നായി സന്തോഷത്തോടെ ഇരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. എനിക്ക് എന്റേതായ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകാം. പക്ഷേ അതൊക്കെ നമ്മളുടെ പേഴ്‌സണല്‍ കാര്യങ്ങളാണ്.
അത് ബാക്കി ഉള്ളവരിലേക്ക് അറിയിക്കാതെ വളരെ പോസിറ്റീവ് ആയി, വളരെ സന്തോഷകരമായി ഇരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ഇവിടെ ഇന്റര്‍വ്യൂവിന് വന്നിട്ട് ഞാന്‍ വളരെ സീരിയസായ ഭാവത്തില്‍ ഇരുന്നാല്‍ ഇതിന്റെ മൊത്തം മൂഡ് മാറും.
എനിക്ക് നിങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് എങ്ങനെ വേണമെങ്കിലും പെരുമാറാം. പക്ഷേ എനിക്കുള്ള ഉത്തരത്തെ ഞാന്‍ എങ്ങനെ മനോഹരമായിരുന്നു നിങ്ങള്‍ക്ക് തിരിച്ചു തരുന്നു എന്നുള്ളതാണ്.
അതാണ് നിങ്ങളുടെ സന്തോഷം. അത് എല്ലാത്തിലും കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് സൗഹൃദങ്ങള്‍. അതുപോലെ സൗഹൃദങ്ങള്‍ എല്ലായിടത്തും ഉണ്ടാകും. എന്നാല്‍ സുഹൃത്തുകള്‍ വളരെ കുറച്ചാകും. പിന്നെ എല്ലാവരുമായി നന്നായി പെരുമാറുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്.
Content Highlight: Mohanlal Talks About His Friendship