നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാല്പത് വര്‍ഷത്തിന് മുകളിലായി നീളുന്ന കരിയറില്‍ തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഏതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. തനിക്ക് ഇഷ്ടം തോന്നിയ ഒരു കഥാപാത്രം മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയാണെന്നും വളരെ വിചിത്രമായ ഒരാളാണ് സണ്ണിയെന്നും മോഹന്‍ലാല്‍ പറയുന്നു.
എനിക്ക് ഇഷ്ടം തോന്നിയ ഒരാള്‍ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയാണ്, വളരെ വിചിത്രനായ ഒരാള്‍. പിന്നെ കിരീടത്തിലെ സേതുമാധവന്‍ – മോഹന്‍ലാല്‍
കിരീടത്തിലെ സേതുമാധവനെ ഇഷ്ടമാണെന്നും അതുപോലത്തെ കഥാപാത്രങ്ങള്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കാണുന്നവര്‍ക്ക് കൂടി ഇഷ്ടമായ കഥാപാത്രങ്ങളോട് തനിക്കും ഇഷ്ടക്കൂടുതലുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം, വാനപ്രസ്ഥം, എമ്പുരാന്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയും വരാനിരിക്കുന്ന കഥാപാത്രമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
‘എനിക്ക് ഇഷ്ടം തോന്നിയ ഒരാള്‍ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയാണ്, വളരെ വിചിത്രനായ ഒരാള്‍. പിന്നെ കിരീടത്തിലെ സേതുമാധവന്‍. അതുപോലുള്ള കഥാപാത്രങ്ങളെ പിന്നീടും അവതരിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ കാണുന്നവര്‍ക്ക് കൂടി ഇഷ്ടമായ കഥാപാത്രങ്ങളോട് നമുക്കും പ്രത്യേക ഇഷ്ടമുണ്ടാവും.
ദൃശ്യം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍, പിന്നെ തീര്‍ച്ചയായും എമ്പുരാനിലെ എന്റെ കഥാപാത്രം. അങ്ങനെ എനിക്ക് ഇഷ്ടമുള്ളവ വേറെയും കുറേയുണ്ട്.
പക്ഷേ, നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്റെ ശരിയായ ഉത്തരം ‘ഇനിയും വരാനിരിക്കുന്ന കഥാപാത്രം’ എന്നാവും. അങ്ങനെ വലിയ സാധ്യതകളുള്ള, വെല്ലുവിളി ഉയര്‍ത്തുന്ന പല കഥാപാത്രങ്ങളേയും കുറിച്ച് പലരും പറയുന്നുണ്ട്. അതിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്ക് എക്‌സൈറ്റ്മെന്റ്‌റുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal Talks About His Favorite Character Of His Own Movies