Entertainment
ദൃശ്യം 3 ഒട്ടും എളുപ്പമല്ലാത്ത കാര്യം, പക്ഷെ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 27, 02:50 am
Friday, 27th December 2024, 8:20 am

എന്തുകൊണ്ട് ദൃശ്യം സിനിമക്ക് ഒരു മൂന്നാം ഭാഗം ചെയ്തു കൂടെന്ന് പല ആളുകളും ചോദിക്കുന്നുണ്ടെന്ന് പറയുകയാണ് മോഹന്‍ലാല്‍. എന്നാല്‍ അതത്ര എളുപ്പമായ ഒരു കാര്യമല്ലെന്നും വലിയ ഉത്തരവാദിത്തമുള്ള കാര്യമാണെന്നും നടന്‍ പറയുന്നു.

വലിയ രീതിയില്‍ വിജയിച്ച ഒരു സിനിമയുടെ സീക്വല്‍ ചെയ്യുന്നത് വളരെ ചാലഞ്ചിങ്ങാണെന്നും ആളുകള്‍ എപ്പോഴും ആ സീക്വലിനെ സിനിമയുടെ ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ട് ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ചെയ്തു കൂടെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. പക്ഷെ ആളുകള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, അതത്ര എളുപ്പമായ ഒന്നല്ല. വലിയ റെസ്‌പോണ്‍സിബിളിറ്റിയുള്ള കാര്യമാണ്. ഒരു വിജയകരമായ സിനിമക്ക് മൂന്നാം ഭാഗം കൊണ്ടുവരികയല്ലേ ചെയ്യുന്നത്.

ഒരു സിനിമയുടെ സീക്വല്‍ ചെയ്യുന്നത് വളരെ ചാലഞ്ചിങ്ങായ കാര്യമാണ്. കാരണം ആളുകള്‍ എപ്പോഴും ആ സീക്വലിനെ സിനിമയുടെ ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തും. അത് തീര്‍ച്ചയാണ്. ഇപ്പോള്‍ ആളുകള്‍ പറയുന്ന ഒരു കാര്യമുണ്ട്.

‘ദൃശ്യത്തിന്റെ രണ്ടാം ഭാഗം വളരെ മികച്ചതാണ്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് മൂന്നാമതൊരു ഭാഗം കൂടെ ചെയ്തുകൂടാ’ എന്നാണ് പറയുന്നത്. ഒട്ടും എളുപ്പമല്ലാത്ത കാര്യമാണ് ആളുകള്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നല്ല സ്റ്റോറിയോ ഐഡിയകളോ ഉണ്ടെങ്കില്‍ പറയാവുന്നതാണ് (ചിരി),’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Drishyam3