മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ സിനിമയാണ് ഇത്. ജീത്തു രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാല്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രമായാണ് എത്തിയത്.
വലിയ വിജയമായ ദൃശ്യത്തിന് 2021ല്‍ തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും ഉണ്ടായിരുന്നു. പിന്നീട് ചൈനീസ് ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്കായി ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടു. മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറായി കണക്കാക്കുന്ന ദൃശ്യം പുറത്തിറങ്ങിയതിന് പിന്നാലെ അത്തരം കുറ്റകൃത്യങ്ങള്‍ ചിലര്‍ അനുകരിക്കുന്നതിന്റെ കഥകള്‍ കേട്ടിരുന്നു.
ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. സിനിമയിലെ ക്രൈം യഥാര്‍ത്ഥ ജീവിതത്തില്‍ ആളുകള്‍ അനുകരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ സിനിമയിലല്ലേ പറ്റുള്ളൂ എന്നായിരുന്നു നടന്റെ മറുപടി. ചൈനീസ് ഭാഷയില്‍ ദൃശ്യം ചെയ്തപ്പോള്‍ അതില്‍ ക്ലൈമാക്‌സില്‍ മാറ്റം വരുത്തേണ്ടി വന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘അതൊക്കെ സിനിമയിലല്ലേ പറ്റുള്ളൂ. സിനിമയിലെ പോലെ ചെയ്താല്‍ പൊലീസ് പിടിക്കില്ലേ. ചൈനയില്‍ ദൃശ്യം ചെയ്തപ്പോള്‍ അതില്‍ ജോര്‍ജുകുട്ടിക്ക് പൊലീസിന് മുന്നില്‍ സറണ്ടറ് ചെയ്യേണ്ടി വന്നു. അവരവിടെ പൊലീസിനെ പറ്റിക്കാന്‍ സമ്മതിക്കില്ല.
ആ സിനിമയുടെ ക്ലൈമാക്‌സില്‍ അയാള്‍ താനാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചു. പിന്നെ ഭദ്രന്റെ സ്ഫടികം കണ്ടിട്ട് ആളുകള്‍ മുണ്ടഴിച്ചിട്ട് പൊലീസിനെ പിടിച്ചു എന്നൊക്കെ കഥകള്‍ കേട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്താല്‍ അവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകില്ലേ.
അപ്പോള്‍ അതൊക്കെ വെറുതെയാണ്. സിനിമയുടെ ഇന്‍ഫ്‌ളുവന്‍സ് കൊണ്ട് ചിലപ്പോള്‍ ക്രൈം ഉണ്ടാകാം. അതൊക്കെ അത്യപൂര്‍വമാണ്. ചില ബാങ്ക് റോബറികള്‍ ഉണ്ടായിട്ടുണ്ടെന്നുള്ള കഥകള്‍ കേട്ടിട്ടുണ്ട്. അതുമല്ലെങ്കില്‍ ചില ബാങ്ക് റോബറികളില്‍ നിന്ന് സിനിമകള്‍ ഉണ്ടായിട്ടുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Drishyam Movie’s Chinese Remake