| Friday, 13th September 2024, 4:33 pm

സ്വന്തം സിനിമക്കായി നിര്‍ദാക്ഷണ്യം പെരുമാറുന്ന സംവിധായകനാണ് അദ്ദേഹം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഭദ്രന്‍. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. ഭദ്രന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആളാണ് താനെന്ന് പറയുന്ന അദ്ദേഹം ഭദ്രന്‍ സിനിമക്ക് വേണ്ടി നിര്‍ദാക്ഷണ്യം പെരുമാറുന്ന ആളാണെന്നും പറയുന്നു.

കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. അതുകൊണ്ട് തന്നെയാണ് ഭദ്രന്റെ എല്ലാ സിനിമകളും വ്യത്യസ്തമാകുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. അങ്കിള്‍ ബണ്‍ സിനിമയെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു.

‘ഭദ്രന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആള്‍ ഞാനാണ്. ഒരു സിനിമക്ക് വേണ്ടി നിര്‍ദാക്ഷണ്യം പെരുമാറുന്ന ആളാണ് ഭദ്രന്‍. തന്റെ സിനിമക്ക് വേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്തമാകുന്നത്.

ഞാന്‍ അഭിനയിച്ചിട്ടുള്ള സിനിമകള്‍ നോക്കുകയാണെങ്കിലും അത്തരത്തില്‍ ഒരുപാട് വ്യത്യസ്തമായതാണ്. അങ്കിള്‍ ബണ്‍ എന്ന സിനിമ മാത്രം മതിയാകും അതിന് ഉദാഹരണമായിട്ട്. നമ്മളെ സംബന്ധിച്ച് ആക്ടറായത് കൊണ്ട് ആ വേഷം ചെയ്യാന്‍ ഒരുപാട് സ്‌ട്രെയിന്‍ ചെയ്യേണ്ടതുണ്ട്.

കൊടൈക്കനാലിലാണ് ആ സിനിമ ഷൂട്ട് ചെയ്തത്. പക്ഷെ ആ വേഷം ചെയ്യുമ്പോള്‍ അതിനകത്ത് നല്ല ചൂടായിരുന്നു. അവസാനം ഞാന്‍ ഹോസ്പിറ്റലിലായി പോയി. കാരണം ഓരോ ഷോട്ട് കഴിയുമ്പോഴും ഫാനിന് അടുത്ത് പോയി നില്‍ക്കുകയായിരുന്നു ഞാന്‍. സ്ഫടികത്തിലാണെങ്കിലും ഒരുപാട് സ്‌ട്രെയിന്‍ ചെയ്യേണ്ടി വന്നിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About Director Bhadran

We use cookies to give you the best possible experience. Learn more