Entertainment news
ഇപ്പോള്‍ പലര്‍ക്കും ദേവാസുരം പോലെയുള്ള സിനിമ വന്നാല്‍ ശരിയാകുമോ ഇല്ലയോയെന്ന സംശയമുണ്ട്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 17, 04:11 am
Sunday, 17th December 2023, 9:41 am

ആരാധകരുള്ളത് കൊണ്ടാണ് താന്‍ മറ്റുള്ളവരുടെ മുന്നില്‍ വന്ന് നിന്ന് സംസാരിക്കുന്നതെന്നും അവരോട് തനിക്ക് സ്‌നേഹമാണെന്നും നടന്‍ മോഹന്‍ലാല്‍. ഇപ്പോള്‍ പലര്‍ക്കും ഈ സമയത്ത് ‘ദേവാസുരം’ പോലെത്തെ സിനിമ വന്നാല്‍ അത് ശരിയാകുമോ ഇല്ലയോ എന്ന സംശയമുണ്ടെന്നും അതൊക്കെ ആ സമയത്ത് സംഭവിച്ച് പോയ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ കൂട്ടിചേര്‍ത്തു.

തന്റെ നേര് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഐസ് ക്യൂബും പെഗും നോക്കി സമയം പറയുക, മുണ്ട് ഉടുക്കുക, മീശ പിരിക്കുക പോലെയുള്ള ശീലങ്ങള്‍ ഉണ്ടാക്കിയ ആളാണ് മോഹന്‍ലാല്‍ എന്ന നടന്‍. ഈ ആരാധകര്‍ക്ക് മോഹന്‍ലാലില്‍ ഉള്ള സ്ഥാനം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘അത്തരം ആളുകളുള്ളത് കൊണ്ടല്ലേ ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്ന് നിന്ന് സംസാരിക്കുന്നത്. അവരോട് എനിക്ക് സ്‌നേഹമാണ്. നമ്മള്‍ അവര്‍ കണ്ട സിനിമകളിലൂടെയാണ് ഇന്നത്തെ ഈ സ്ഥാനത്ത് നില്‍ക്കുന്നത്. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ എന്താണ് അവര്‍ക്ക് ഇഷ്ടം എന്നറിഞ്ഞ ശേഷം നമ്മളുടെ ഒരുപാട് സിനിമകള്‍ അത്തരത്തില്‍ ഉണ്ടാകും.

എന്നാല്‍ നേര് പോലെയുള്ള സിനിമയില്‍ അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല. മുണ്ടുടുത്ത് നടക്കാന്‍ ഈ കഥാപാത്രത്തിന് കഴിയില്ല. എല്ലാ സിനിമയും അങ്ങനെയായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേറെ ജോലിയൊന്നും ഇല്ലേയെന്ന് എന്നോട് ചോദിക്കും.

തീര്‍ച്ചയായും, അത്തരം ആരാധകര്‍ ഇഷ്ടപെടുന്ന സിനിമയും ഇനി വരാം. നേര് കഴിഞ്ഞുള്ള ഒരു സിനിമയുണ്ട്. ‘മലൈകോട്ടൈ വാലിബന്‍’, അത് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സിനിമയാകാം. അതിലെ ആക്ഷന്‍ രംഗങ്ങളും മറ്റും അത്തരത്തിലാണ്. പിന്നെ ‘ബറോസ്’ എന്ന സിനിമയും വരുന്നുണ്ട്. എല്ലാം വ്യത്യസ്തമായ സിനിമകളാണ്.

മീശ പിരിക്കുക എന്നുള്ളത് എല്ലാ സിനിമയിലും പറ്റില്ല. പിന്നെ അത്തരം കഥകളും ഇപ്പോള്‍ അധികം ഉണ്ടാകുന്നില്ല. മുമ്പ് അതിനുള്ള എഴുത്തുക്കാരും കഥകളും ഉണ്ടായിരുന്നു. ഇപ്പോള്‍ പലര്‍ക്കും ഈ സമയത്ത് ‘ദേവാസുരം’ പോലെത്തെ സിനിമ വന്നാല്‍ അത് ശരിയാകുമോ ഇല്ലയോ എന്ന സംശയമുണ്ട്.

അതൊക്കെ ആ സമയത്ത് സംഭവിച്ച് പോയ കാര്യങ്ങളാണ്. തീര്‍ച്ചയായും, ആ ആരാധകരോടെല്ലാം സ്‌നേഹം തന്നെയാണ്. പറ്റുന്ന സമയത്തൊക്കെ അവരോട് സംവദിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അവരെന്നെ ആരാധിച്ചില്ലെങ്കിലും ഞാന്‍ അവരെ ഇഷ്ടപെടുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.


Content Highlight: Mohanlal Talks About Devasuram Movie