'പല സിനിമകളിലും അങ്ങനെ സംഭവിക്കാറില്ല..' വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ ഡ്രസിങ്ങിനെ കുറിച്ച് മോഹന്‍ലാല്‍
Entertainment
'പല സിനിമകളിലും അങ്ങനെ സംഭവിക്കാറില്ല..' വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ ഡ്രസിങ്ങിനെ കുറിച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 10:01 pm

മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് 2000ല്‍ പുറത്തിറങ്ങിയ ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞനായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത ദേവദൂതനെ കാലം തെറ്റിയിറങ്ങിയ മാസ്റ്റര്‍പീസ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

ദേവദൂതനിലെ ഡ്രസിങ്ങിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. ആ സിനിമക്ക് വേണ്ട രീതിയിലുള്ള ഡ്രസിങ്ങായിരുന്നു അതെന്നും അതിന് വേണ്ടി തന്നെ ഉണ്ടാക്കിയതായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. സാധാരണ പല സിനിമകളിലും അങ്ങനെ സംഭവിക്കാറില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ദേവദൂതന്റെ റീ റിലീസിങ്ങ് ട്രെയ്ലര്‍ ലോഞ്ചിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമക്ക് വേണ്ട രീതിയിലുള്ള ഡ്രസിങ്ങായിരുന്നു ദേവദൂതനിലേത്. അതിന് വേണ്ടി തന്നെ ഉണ്ടാക്കിയതായിരുന്നു. പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല. പ്രത്യേക കളര്‍ പാലറ്റും മൂന്ന് കളര്‍ സ്‌ക്കീമുകളും ഉണ്ടാക്കുകയായിരുന്നു. അങ്ങനെ ആ സിനിമ കാണാന്‍ യോഗ്യമായ രീതിയിലുള്ള ഡ്രസിങ്ങ് കൊണ്ടുവരികയായിരുന്നു. സാധാരണ പല സിനിമകളിലും അങ്ങനെ സംഭവിക്കാറില്ല. എന്തെങ്കിലും ഡ്രസുകള്‍ ഇടാറാണ്.

അതുകൊണ്ട് തന്നെ ആ സിനിമ ഇപ്പോള്‍ കാണുമ്പോഴും നമ്മള്‍ അറിഞ്ഞോ അറിയാതെയോ വളരെ സന്തോഷം തോന്നുന്നു. അന്ന് അങ്ങനെയൊരു എഫേര്‍ട്ട് എടുത്ത എല്ലാവരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു, നന്ദി പറയുന്നു. കാരണം അന്ന് ഈ സിനിമ 24 വര്‍ഷങ്ങള്‍ക്ക് ശേഷം വരുമെന്ന ധാരണ നമുക്ക് ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ കാണാന്‍ നന്നായിരിക്കണമെന്ന് കരുതിയാണ് ചെയ്തത്. പക്ഷെ അത് ഇപ്പോഴും കാണാന്‍ നന്നായിരിക്കുന്നുവെന്നത് ഭാഗ്യമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Devadoothan Movie Dressing