സിനിമാപ്രേമികള്‍ 2024ല്‍ ഏറ്റവും അധികം കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ബറോസ്. അഭിനയത്തില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയെന്ന രീതിയില്‍ ബറോസ് ആദ്യം മുതല്‍ക്കേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു.
മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ എത്തിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാള ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. ത്രീഡിയുടെ വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു നടന്‍.
‘വിദേശത്ത് ത്രീ.ഡി സിനിമ എളുപ്പത്തില്‍ ചെയ്യാനാകും. എന്നാല്‍ ഇവിടെ അതുപോലെ പറ്റില്ല എന്നതാണ് സത്യം. ഇവിടെ ത്രീ.ഡിയില്‍ ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുപാട് പ്രയാസങ്ങളുണ്ട്. നല്ല പണച്ചെലവും ക്ഷമയും ആവശ്യമാണ്.
എവിടെയെങ്കിലും പാളിയാല്‍ മുഴുവനും താളം തെറ്റുന്ന സിനിമയാണ് ത്രീ.ഡി. 1600 ദിവസമാണ് ബറോസ് എന്ന സിനിമ തീര്‍ക്കാന്‍ എടുത്തത്. പ്രീ പ്രൊഡക്ഷന് തന്നെ ഒരുപാട് സമയം ചെലവഴിച്ചു. അതുപോലെ ക്യാമറ ഒരു പ്രധാന ഘടകമാണ്.
രണ്ടു ലെന്‍സിലാണ് ത്രീ.ഡി സിനിമ ഷൂട്ട് ചെയ്യുന്നത്. നമ്മുടെ രണ്ടു കണ്ണുകള്‍ പോലെയാണ് അവ. എടുക്കുന്ന ഷോട്ടുകള്‍ കൃത്യമല്ലെങ്കില്‍ സിനിമ കാണുമ്പോള്‍ തലവേദന വരും. എല്ലാം ഭംഗിയായാലും സിനിമ കണ്ടാല്‍ തലവേദന വന്നാല്‍ തീര്‍ന്നില്ലേ.
അതുകൊണ്ട് അതീവശ്രദ്ധയോടെയാണ് മുന്നോട്ടു പോയത്. പ്രേക്ഷകനെ മനസില്‍ കണ്ടുവേണം ഷൂട്ട് ചെയ്യാന്‍. മറ്റു സിനിമകളില്‍ കാണുന്ന പോലുള്ള ഷോട്ട് ഡിവിഷനുകള്‍ ത്രീ.ഡി സിനിമയ്ക്ക് പറ്റില്ല. ഈ സിനിമ 2ഡിയിലേക്ക് മാറ്റുകയാണെങ്കില്‍ വീണ്ടും എഡിറ്റ് ചെയ്യേണ്ടി വരുമെന്നതാണ് സത്യം,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Barroz And 3D Movie