നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടന വിസ്മയമാണ് ലാലേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. മോഹന്‍ലാലിന്റെ സിനിമ കരിയറില്‍ പ്രധാനപ്പെട്ട ഒരാളാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
2000 ല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്ന ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി അദ്ദേഹം സ്ഥാപിച്ചു. നരന്‍ സിനിമ മുതല്‍ ഇപ്പോള്‍ എമ്പുരാന്‍ വരെ അദ്ദേഹം മോഹന്‍ലാലിനൊപ്പം ഉണ്ട്.
ഇപ്പോള്‍ വര്‍ഷങ്ങളായി തന്റെ ഒപ്പം കൂടെയുള്ള ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
37 വര്‍ഷങ്ങളായി ആന്റണി തന്റെ കൂടെ സിനിമയില്‍ ഉണ്ടെന്നും അതൊരു ചെറിയ വര്‍ഷക്കാലം അല്ലെന്നും മോഹന്‍ലാല്‍ പറയുന്നു. വലിയ സ്വപ്നങ്ങള്‍ ഉള്ള ആളാണ് ആന്റണിയെന്നും എങ്ങനെ നല്ല സിനിമകള്‍ ചെയ്യാമെന്ന് എപ്പോഴും ചിന്തിക്കുന്ന ആളാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ കൂട്ടിചേര്‍ത്തു. ആന്റണി പെരുമ്പാവൂരിന്റെ സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ അദ്ദേഹത്തിന് കിട്ടിയ ഒരാളാണ് പൃഥ്വിരാജെന്നും മോഹന്‍ലാല്‍ പറയുന്നു. എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ പലപ്പോഴും സ്വന്തമായിട്ട് സിനിമയെടുക്കുന്നത് നമ്മള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമയെടുക്കാന്‍ വേണ്ടിയാണ്. അങ്ങനെ ഒരുപാട് സിനിമകള്‍ എടുത്ത ശേഷമാണ് ഞാന്‍ ആന്റണിയുമായിട്ട് ബന്ധപ്പെടുന്നത്. ആന്റണി എന്റെ കൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷങ്ങളായി. അതൊരു വലിയ വര്‍ഷമാണ്. അന്ന് മുതല്‍ സിനിമയല്ലാതെ അദ്ദേഹത്തിന് വേറെ ഒരു ചിന്തയുമില്ല. എങ്ങനെ നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ പറ്റുമെന്നല്ലാതെ.
ഒരു ചെറിയ സ്റ്റേറ്റില്‍ നിന്ന് എത്ര വലിയ സിനിമകള്‍, അദ്ദേഹം സ്വപ്‌നം കാണുന്നത് വളരെ വലുതാണ്. ആ സ്വപ്‌നത്തിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് പറ്റുമോ എന്നുള്ള ചിന്തയൊന്നും ആന്റണിക്കില്ല. അങ്ങനെ തുടങ്ങി തുടങ്ങി അദ്ദേഹത്തിന് ആ സ്വപ്‌നം സാധ്യമാക്കാന്‍ ഒരാളെ കിട്ടി. അതാണ് പൃഥ്വിരാജ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതൊരു നിമിത്തമാണ്,’മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal talks about Antony Perumbavoor