ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാനപ്രസ്ഥം. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ സുഹാസിനി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കലാമണ്ഡലം ഗോപി, വെണ്‍മണി ഹരിദാസ്, കുക്കു പരമേശ്വരം എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
സക്കീര്‍ ഹുസൈന്‍ സംഗീതം ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉള്‍പ്പെടെയുള്ള നിരവധി ദേശീയ അന്തര്‍ദേശീയ വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സന്തോഷ് ശിവനായിരുന്നു സിനിമയിലെ ഛായാഗ്രഹകന്‍.
മോഹന്‍ലാല്‍ കഥകളി കലാകാരനായി എത്തിയ വാനപ്രസ്ഥത്തിലൂടെ അദ്ദേഹം ആ വര്‍ഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.
വാനപ്രസ്ഥത്തില്‍ ഒപ്പം ഉണ്ടായിരുന്നവരൊക്കെ വലിയ മാസ്റ്റേഴ്‌സായിരുന്നെന്ന് പറയുകയാണ് മോഹന്‍ലാല്‍. ആ സിനിമ ശരിക്കും ഒരു അനുഗ്രഹം തന്നെയായിരുന്നെന്നും മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത സിനിമയാണെന്നും നടന്‍ പറയുന്നു. അമിതാഭ് ബച്ചന്‍ പോലും തന്നോട് എങ്ങനെയാണ് കഥകളി ചെയ്തതെന്ന് ചോദിച്ചിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത സിനിമയായിരുന്നു വാനപ്രസ്ഥം. അങ്ങനെയാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അമിതാഭ് ബച്ചന്‍ സാര്‍ പോലും എങ്ങനെയാണ് ഈ കഥകളി ചെയ്തതെന്ന് ചോദിച്ചിരുന്നു. എങ്ങനെയാണ് അതെന്ന് അറിയില്ലെന്നായിരുന്നു എന്റെ മറുപടി,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Talks About Amitabh Bachchan And Vanaprastham