| Friday, 31st May 2024, 12:30 pm

ഒടിയൻ എന്തുകൊണ്ട് ഓടിയില്ല എന്നത് ഒരു പഠനമായി ചെയ്യാവുന്ന വിഷയമാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയൻ. മലയാള സിനിമ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഒടിയൻ എന്ന വിഷയത്തെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വമ്പൻ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഒടിയൻ.

ചിത്രത്തിനായി മോഹൻലാൽ നടത്തിയ മേക്ക് ഓവറും അത്ഭുതത്തോടെയാണ് മലയാളികൾ കണ്ടത്. എന്നാൽ അമിത പ്രതീക്ഷ തന്നെയായിരുന്നു ചിത്രത്തിന് അപകടമായത്. ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

എന്നാൽ ഒടിയൻ മോശം സിനിമയാണെന്ന് താൻ കരുതുന്നില്ലെന്ന് മോഹൻലാൽ പറയുന്നു. പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുമോയെന്നത് നമുക്ക് പറയാൻ കഴിയില്ലെന്നും താൻ കാണുന്ന, അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും നല്ല സിനിമകളാണെന്ന് താൻ വിശ്വാസിക്കുന്നുവെന്നും മോഹൻലാൽ പറയുന്നു.

ഒടിയൻ എന്തുകൊണ്ട് പരാജയമായെന്നത് പഠന വിധേയമാക്കണമെന്നും മോഹൻലാൽ പറഞ്ഞു. ദി ഫോർത്തിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒടിയൻ ഒരു മോശം സിനിമയായി ഞാൻ കരുതുന്നില്ല. പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുമോ ഇല്ലയോയെന്ന് നമുക്കൊരിക്കലും പറയാൻ കഴിയില്ല. അവരുടെ പ്രതീക്ഷ എങ്ങനെയാണെന്ന് പറയാൻ കഴിയില്ല.

ഒടിയൻ എന്ന സിനിമയും ഒരു മാജിക്കിന്റെ കഥയാണ്. ഹ്യൂമൻ ഇമോഷൻസൊക്കെ ഉള്ള സിനിമയാണ് ഒടിയൻ. അത് എന്തുകൊണ്ട് ഓടിയില്ല എന്നത് വേണമെങ്കിൽ ഒരു പഠനമായി ചെയ്യേണ്ട വിഷയമാണ്.


ഒരുപക്ഷെ അതിന്റെ ക്ലൈമാക്സ്‌ ശരിയാവത്തത് കൊണ്ടായിരിക്കാം. പക്ഷെ എന്തെങ്കിലും ഒരു കുഴപ്പം ഉള്ളത് കൊണ്ടായിരിക്കാം അത് ശരിയാവാത്തത്. അത്തരം കുഴപ്പങ്ങൾ ഉണ്ടാവുമോയെന്ന് ഒരു സിനിമയെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല.

എന്റെ കാഴ്ചപ്പാടിൽ ഒടിയൻ നല്ല സിനിമയാണ്. ഞാൻ അഭിനയിച്ച അല്ലെങ്കിൽ ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വാസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Why Odiyan Movie Failed In Box office

We use cookies to give you the best possible experience. Learn more