വർഷങ്ങൾക്ക് ശേഷം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു, പക്ഷെ വിനീത് സമീപിച്ചപ്പോൾ ഞാൻ ഒരു കാര്യമേ പറഞ്ഞുള്ളൂ: മോഹൻലാൽ
Entertainment
വർഷങ്ങൾക്ക് ശേഷം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു, പക്ഷെ വിനീത് സമീപിച്ചപ്പോൾ ഞാൻ ഒരു കാര്യമേ പറഞ്ഞുള്ളൂ: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 8:17 am

മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് ശ്രീനിവാസൻ. മോഹൻലാലിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടി കൊടുത്ത ടി.പി.ബാലഗോപാലൻ എം.എ എന്ന ചിത്രത്തിന്റെ രചയിതാവെല്ലാം ശ്രീനിവാസനായിരുന്നു. വരവേൽപ്പ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ചന്ദ്രലേഖ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നവയായിരുന്നു. മലയാളികളുടെ ദാസനും വിജയനുമാണ് മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ട്.

എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമ വന്നിട്ട് വർഷങ്ങളായി. ഇതിനിടയിൽ രണ്ടുപേരും തമ്മിൽ പിണക്കത്തിലാണെന്ന താരത്തിലെല്ലാം റൂമറുകൾ പുറത്തു വന്നിരുന്നു. അത് ബലപ്പെടുത്തുന്ന പല കാര്യങ്ങളും ശ്രീനിവാസനും പലപ്പോഴായി പറയുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും ഈയിടെ കണ്ടപ്പോൾ സംസാരിച്ചിരുന്നുവെന്നും മോഹൻലാൽ പറയുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ താനും ശ്രീനിവാസനും അഭിനയിക്കേണ്ടതായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായത് കൊണ്ടാണ് ആ സിനിമ ചെയ്യാതിരുന്നതെന്നും മോഹൻലാൽ പറയുന്നു. ശ്രീനിവാസൻ തന്നെ കുറിച്ച് പറയാൻ ശ്രമിച്ച കാര്യങ്ങൾ മറ്റൊരു രീതിയിൽ മാറിയതായിരിക്കാമെന്നും മോഹൻലാൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സൗഹൃദത്തിന് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. എനിക്കും പ്രശ്നമില്ല അദ്ദേഹത്തിനും ഒന്നും പറ്റിയിട്ടില്ല. കാരണം ഈയിടെ കണ്ടപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു. അപ്പോൾ എനിക്ക് മനസിലായി. അദ്ദേഹം എന്തോ പറയാൻ ശ്രമിച്ചു. പക്ഷെ അത് വേറെ രീതിയിലായി മാറിയതായിരിക്കാം.

ഞങ്ങൾ രണ്ടുപേരും കൂടെ ഒരു സിനിമ ചെയ്യാൻ തയ്യാറായതായിരുന്നു, വർഷങ്ങൾക്ക് ശേഷം എന്ന സിനിമ. ആ സിനിമയിൽ അവരുടെ വയസായ ഭാഗമൊക്കെ ഞങ്ങൾ ഒന്നിച്ച് ചെയ്യേണ്ടതായിരുന്നു. പക്ഷെ ശാരീരികമായി അദ്ദേഹത്തിന് അതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ എന്റെയടുത്ത് വന്നു താത്പര്യത്തോടെ കഥയൊക്കെ പറഞ്ഞിരുന്നു.

അപ്പോൾ ഞാൻ പറഞ്ഞത്, എനിക്കത് ചെയ്യാൻ ഒരു പ്രയാസവുമില്ല എന്നായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും നോക്കണമല്ലോ. ഒരു അഭിനേതാവിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

ആരോഗ്യം ഉണ്ടെങ്കിൽ നൂറ് വയസ്സായാലൂം അഭിനയിക്കാം.ക്ലിന്റ് ഈസ്റ്റ് വുഡ് ഇപ്പോഴും സിനിമകൾ ചെയ്യുന്നില്ലേ. ആരോഗ്യം ഇല്ല അദ്ദേഹത്തിന്. മോശമായിട്ട് പറഞ്ഞതല്ല. ആരോഗ്യം ഇല്ലായെന്നത് സത്യമാണ്. കാരണം യാത്ര ചെയ്യണം കാറോടിക്കണം അങ്ങനെയൊക്കെ ചെയ്യാനുണ്ട്.

അതൊക്കെ ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ചപ്പോഴാണ് പിന്നെ ഇങ്ങനെ തീരുമാനിച്ചത്. പണ്ടും ഞാൻ ശ്രീനിവാസനെ എപ്പോഴും വിളിക്കുകയോ ഫോൺ ചെയ്യുകയോ ഒന്നും ചെയ്യാറില്ല. പക്ഷെ അദ്ദേഹത്തിന്റെ എല്ലാ കാര്യവും ഞാൻ അന്വേഷിക്കാറുണ്ട്,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal Talk About Varshangalku Shesham Movie And Sreenivasan