Advertisement
Entertainment
എന്റെ റീമേക്ക് ചിത്രത്തിൽ അദ്ദേഹം നായകനായത് എനിക്ക് വലിയ അഭിമാനമാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 06, 03:26 am
Sunday, 6th October 2024, 8:56 am

മലയാള സിനിമ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ചെറിയ ഹൈപ്പിൽ തിയേറ്ററിൽ എത്തുകയും മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു.

തമിഴ്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗത്തിനും ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് റീമേക്കായ പാപനാസത്തിൽ കമൽഹാസനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ദൃശ്യം കമൽഹാസന് വളരെ ഇഷ്ടമായിരുന്നുവെന്നും സിനിമ കണ്ട് അദ്ദേഹം തന്നെ അഭിനന്ദിച്ചിരുന്നുവെന്നും മോഹൻലാൽ പറയുന്നു. റീമേക്ക് ചിത്രങ്ങൾ ചെയ്യാൻ അധികം താത്പര്യം കാണിക്കാത്ത അദ്ദേഹം ദൃശ്യത്തിൽ താൻ ചെയ്ത കഥാപാത്രം അവതരിപ്പിച്ചത് തനിക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൃശ്യം സിനിമ കമൽഹാസന് ഒരുപാട് ഇഷ്ടമായിരുന്നു. സിനിമ കണ്ടശേഷം എന്നോടു പറഞ്ഞു,ലാൽ നന്നായിട്ടുണ്ട്. മറക്കാനാവാത്ത ഒരനുഭവമാണ് ദൃശ്യമെന്ന്.

റീമേക്കിലൊന്നും അഭിനയിക്കാൻ പൊതുവെ താത്പര്യം കാണിക്കാറില്ലെങ്കിലും സുരേഷ് ബാലാജി ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ആലോചിച്ചപ്പോൾ അതിലെ ജോർജ് കുട്ടിയെ അവതരിപ്പിക്കാനായി അദ്ദേഹം മുന്നോട്ടുവന്നു.

ഭാഷയും പശ്ചാത്തലവും മാറ്റി പാപനാസം എന്നുപേരിട്ട ദൃശ്യത്തിൻ്റെ റീമേക്കിൽ സ്വയംഭൂലിംഗം നാടാരായി അദ്ദേഹമെത്തി. മലയാളത്തിൽ ഞാൻ ചെയ്‌ത വേഷം തമിഴിൽ കമൽഹാസൻ ചെയ്‌തത് എനിക്ക് വലിയ അഭിമാനമായിരുന്നു,’മോഹൻലാൽ പറയുന്നു.

പതിറ്റാണ്ടുകളായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന കമൽഹാസനും മോഹൻലാലും ഒരിക്കൽ മാത്രമേ ഒന്നിച്ചിട്ടുള്ളൂ. ഉന്നൈ പോൽ ഒരുവൻ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിൽ ക്ലൈമാക്സ്‌ സീനിൽ മാത്രമാണ് രണ്ടാളും ഒന്നിച്ച് സ്‌ക്രീനിൽ വരുന്നുള്ളൂവെന്നതാണ് പ്രത്യേകത.

 

Content Highlight: Mohanlal Talk About Thamil Remake Of Drishyam