കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.
2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഇതൊരു ഭാഗ്യമാണെന്നും ആ ഭാഗ്യം സിനിമയ്ക്കും ഉണ്ടാവട്ടെയെന്നും മോഹൻലാൽ പറയുന്നു. 24 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയൊരു സിനിമയെടുക്കാൻ ക്രാഫ്റ്റിൽ ശ്രദ്ധിച്ചിരുന്നുവെന്ന് ഇപ്പോഴത്തെ തലമുറയെ ഓർമിപ്പിക്കാൻ ഇത് കാരണമാവട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
‘ഇതൊരു ഭാഗ്യമാണ്. ആ ഭാഗ്യം ഈ സിനിമക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വീണ്ടും ഇത് സിനിമയായ് തിയേറ്ററിലേക്ക് പോവുകയാണ്.
ഈ സിനിമയെ വീണ്ടും കുറ്റം പറയാൻ തുടങ്ങി കഴിഞ്ഞാൽ നമുക്കൊന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ഈ സിനിമ വീണ്ടും കാണുക. കണ്ടിട്ട് 24 വർഷം മുമ്പ് ഇങ്ങനെയൊരു സിനിമ എടുത്തിരുന്നു എന്ന് മനസിലാക്കുക.
24 വർഷം മുമ്പും നമ്മൾ ക്രാഫ്റ്റിൽ ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു തലമുറയെ ഓർമിപ്പിക്കുന്ന ഒരു സിനിമയായിട്ട് മാറട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Re Release Of Devadoothan Movie