ഒരു കഥാപാത്രത്തിനായി മനഃപൂർവം പരീക്ഷണങ്ങൾ നടത്താൻ പോകുമ്പോഴാണ് പ്രശ്നമെന്നാണ് മോഹൻലാൽ പറയുന്നത്. ഒരു കഥാപാത്രം എങ്ങനെ അവതരിപ്പിക്കുമെന്ന് തനിക്ക് തന്നെ അറിയില്ലായെന്നും അതൊക്കെ സംഭവിക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാലിലെ നടനെ എങ്ങനെ എക്സ്പിരിമെന്റ് ചെയ്യാനാണ് ഇനി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ ചെന്നപ്പോൾ രജിനികാന്തിനെ പോലെ അഭിനയിക്കാനാണ് തന്നോട് പറഞ്ഞതെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പങ്കുവെച്ചു.
‘എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ എനിക്കറിയാവുന്ന പോലെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അത് തെറ്റാണെങ്കിൽ ക്യാമറയുടെ പുറകിൽ നിൽക്കുന്ന ഒരാളുണ്ട് സംവിധായകൻ, അദ്ദേഹം വന്ന് പറയും എനിക്ക് ഇങ്ങനെയാണ് വേണ്ടതെന്ന്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ ചെന്നപ്പോൾ രജിനികാന്തൊക്കെ സിനിമയിൽ വന്ന കാലമാണ്. ഞാൻ ഓഡിഷന് ചെന്നപ്പോൾ എന്നോട് പറഞ്ഞത് അദ്ദേഹത്തെ പോലെയൊക്കെ അഭിനയിച്ച് കാണിക്കാനാണ്. ഞാൻ പറഞ്ഞു എനിക്കറിയില്ലായെന്ന്. കാരണം എനിക്കറിയുന്ന പോലെയേ അഭിനയിക്കാൻ പറ്റുള്ളൂ.
ഒരു കഥാപാത്രം വരുമ്പോൾ അത് എങ്ങനെ ചെയ്യുമെന്ന് എനിക്ക് പോലും അറിയില്ല. ആ സിനിമ തുടങ്ങി വലുതായി വരുന്ന സമയത്ത് സംഭവിക്കുന്നതാണ്. അല്ലാതെ അതിന് വേണ്ടി മനഃപൂർവം പരീക്ഷണങ്ങൾ ചെയ്യാൻ പോകുമ്പോഴാണ് പ്രശ്നം. സംവിധായകർക്കും ക്യാമറ ചെയ്യുന്നവർക്കുമൊക്കെ പരീക്ഷണങ്ങൾ ചെയ്ത് നോക്കാം.
ഒരു നടന് വേണമെങ്കിൽ തിയേറ്ററിൽ ചെയ്ത് നോക്കാം കാരണം അവിടെ അതിനുള്ള സമയവും സ്ഥലവുമൊക്കെയുണ്ട്. ഒരു സിനിമയിൽ 10 വർഷത്തെ കഥയൊക്കെ ആയിരിക്കും പറയുന്നുണ്ടാവുക. അതിനെ ചുരുക്കി ഒരു 2.30 മണിക്കൂറിൽ പറയുകയാണ്. അതിലെല്ലാം പരീക്ഷണങ്ങൾ നടത്താൻ ശ്രമിച്ചാൽ കുഴപ്പമാവും,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Manjil Virinja Pookal Movie Audition Experiences