മോശം സിനിമയെ എന്ത് പറഞ്ഞാലും നന്നാക്കാനാവില്ല പക്ഷെ ഈ ചിത്രം തീർച്ചയായും ഒരു തിയേറ്റർ എക്സ്പീരിയൻസാണ്: മോഹൻലാൽ
Entertainment
മോശം സിനിമയെ എന്ത് പറഞ്ഞാലും നന്നാക്കാനാവില്ല പക്ഷെ ഈ ചിത്രം തീർച്ചയായും ഒരു തിയേറ്റർ എക്സ്പീരിയൻസാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 10:22 pm

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.

സിനിമയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സംവിധായകനും സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാക്കുന്ന നടനും ഒന്നിക്കുന്നു എന്നതാണ് മലയാളികൾക്കിടയിൽ ചിത്രത്തിന് വലിയ ആകാംഷ ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിലും അണിയറ പ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലാണ്.

ഇത്‌ നല്ല സിനിമയായത് കൊണ്ടാണ് ഈ ആത്മവിശ്വാസമെന്ന് മോഹൻലാൽ പറയുന്നു. മറ്റൊരു സിനിമയുമായി ഇതിന് ബന്ധമില്ലെന്നും വ്യത്യസ്തമായൊരു തിയേറ്റർ എക്സ്പീരിയൻസ് തനിക്ക് ഉറപ്പ് പറയാൻ കഴിയുമെന്നും മോഹൻലാൽ പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇതൊരു നല്ല സിനിമയാണ്. ഒരു മോശം സിനിമയെ നമ്മൾ എന്ത് പറഞ്ഞാലും നന്നാക്കാൻ പറ്റില്ല. നല്ല സിനിമയെ നല്ലത് പറഞ്ഞാൽ വീണ്ടും നന്നാവും. അങ്ങനെ നന്നാവാൻ സാധ്യതയുള്ള ഒരു സിനിമയാണ്. മലൈക്കോട്ടൈ വാലിബൻ ഒരു സിനിമയുമായി ബന്ധമില്ലാത്ത ചിത്രമാണ്. പ്രത്യേകിച്ച് തൊട്ട് മുമ്പെറങ്ങിയ നേരുമായി ഒരു ബന്ധവുമില്ല.

മൊത്തത്തിൽ വേറെയൊരു സിനിമയാണ്. ഇനി വരാൻ പോവുന്ന ബറോസ് എന്ന സിനിമയും അങ്ങനെയാണ്. മൊത്തത്തിൽ വ്യത്യസ്തമായ ചിത്രമായിരിക്കുമതും. അമർ ചിത്രകഥ പോലൊരു സിനിമയാണ് അല്ലാതെ പുരാണങ്ങൾ ആയിട്ടൊന്നും ബന്ധമില്ല.

ഇനി അതിനെ ബന്ധിപ്പിക്കാനും പറ്റില്ല. കാരണം ഇത്‌ എവിടെയോ നടന്ന ഒരു കഥ, ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു, അയാൾക്കൊരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു, ഒരു ഭാവിയുണ്ട് അങ്ങനെയൊരു കഥയാണ്. അത് വിശ്വാസയോഗ്യമാക്കുക എന്നതാണ് സംവിധായകന്റെയും അഭിനയിച്ചവരുടെയുമെല്ലാം ധർമ്മം.

എന്തായാലും ഒരു തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കും ആ സിനിമ എന്നെനിക്കുറപ്പാണ്, മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal Talk About Malaikotte Valiban