| Friday, 19th January 2024, 8:46 pm

'സംശയങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ കഴിയുന്ന സംവിധായകൻ ഒരു ഭാഗ്യമാണ്' ലിജോയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

സംവിധായകൻ ലിജോയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.സിനിമയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ് ലിജോയെന്നും ഒരു നടൻ എന്ന നിലയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ശരിയായ ഉത്തരം ലഭിക്കുന്നത് ഭാഗ്യമാണെന്നും ലിജോ അങ്ങനെ ഒരാളാണെന്ന് മോഹൻലാൽ മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അദ്ദേഹത്തിനെ എനിക്ക് വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ അറിയാം. അദ്ദേഹത്തിന്റെ അച്ഛനോടൊപ്പം ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് സിനിമയോടുള്ള പാഷൻ എനിക്ക് നന്നായി അറിയാം. മുമ്പും പല കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്.

സിനിമയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ആളാണ് ലിജോയെന്ന് വേണമെങ്കിൽ പറയാം. നമുക്ക് നമ്മുടേതായ എന്ത് അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്.

ഒരു സീനിൽ അയ്യായിരം ആളുകളെയെല്ലാം വെച്ച് ഷൂട്ട്‌ ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതെല്ലാം വളരെ തഴക്കവും പഴക്കവും ഉള്ള ഒരു സംവിധായകനെ ചെയ്യാൻ കഴിയുള്ളൂ. പക്ഷേ അദ്ദേഹത്തിന് ഒരു വിധത്തിൽ ഉള്ള ആശയകുഴപ്പവും ഉണ്ടായിരുന്നില്ല. കാരണം അത്രയും ആ സിനിമയെ കുറിച്ച് പഠിച്ചിട്ടാണ് ലിജോ ചെയ്തത്.

ഒരുപാട് സിനിമകൾ കാണുന്ന, സിനിമയെ കുറിച്ച് നല്ല ധാരണയുള്ള ഒരാളാണ് അദ്ദേഹം. ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊന്നും നമ്മളോട് പറയില്ല. നമ്മൾ പറയുന്നത് അദ്ദേഹത്തിനും മനസിലാവും അദ്ദേഹം പറയുന്നത് എനിക്കും മനസിലാവും.

അത് വലിയൊരു കാര്യമാണ് ഒരു നടനെ സംബന്ധിച്ച്. നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കറക്റ്റ് ആയി ഉത്തരം പറയാൻ കഴിയുന്ന സംവിധായകൻ എന്നു പറയുന്നത് വലിയൊരു കാര്യമാണ്. ലിജോ അങ്ങനെ ഒരാളാണ്. നല്ല ഭാവിയുള്ള സംവിധായകനാണ് അദ്ദേഹം,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Lijo Jose Pellissery

We use cookies to give you the best possible experience. Learn more