ആ അപകടം സംഭവിച്ചിരുന്നെങ്കിൽ എല്ലാം അവസാനിച്ചേനെ, നടുക്കത്തോടെയാണ് ഓർക്കുന്നത്: മോഹൻലാൽ
Entertainment
ആ അപകടം സംഭവിച്ചിരുന്നെങ്കിൽ എല്ലാം അവസാനിച്ചേനെ, നടുക്കത്തോടെയാണ് ഓർക്കുന്നത്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 8:33 pm

മലയാളസിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ എന്നിവരുടേത്. പ്രിയദര്‍ശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ ആരംഭിച്ച കോമ്പോ മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചു. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, അരം+ അരം കിന്നരം, വന്ദനം, കാലാപാനി തുടങ്ങിയ ക്ലാസിക് സിനിമകള്‍ ഈ കോമ്പോയിലൂടെ സിനിമാപ്രേമികള്‍ക്ക് ലഭിച്ചു.

കരിയറിന്റെ തുടക്കകാലത്ത് ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു കടത്തനാടൻ അമ്പാടി. ചരിത്ര സിനിമയായി ഒരുക്കിയ സിനിമയിൽ വമ്പൻ താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഒരു അപകടം സംഭവിച്ചുവെന്നും കഷ്ടിച്ചാണ് അതിൽ നിന്ന് രക്ഷപ്പെട്ടതെന്നും മോഹൻലാൽ പറയുന്നു. കടത്തനാടൻ അമ്പാടി കുതിരപ്പുറത്ത് വരുന്ന ഒരു സീനിൽ വെള്ളം ചീറ്റാനായി ഒരു ടാങ്ക് സെറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ കൃത്യ സമയത്ത് അത് വർക്കായില്ലെന്നും മോഹൻലാൽ പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കടത്തനാടൻ അമ്പാടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം നടുക്കത്തോടെയാണ് ഓർക്കുന്നത്. സിനിമയുടെ ഒരു രംഗത്തിൽ അമ്പാടി ഓടിവരുമ്പോൾ പിൻവശത്തുനിന്ന് വെള്ളം ചീറ്റിവരണം, അതിനായി അന്ന് സെറ്റിൽ വലിയൊരു ടാങ്ക് നിർമിച്ച് അതിൽ വെള്ളം നിറച്ചു

ടാങ്കിൻ്റെ ഒരുഭാഗത്തുള്ള ഇരുമ്പു ഷട്ടർ പൊക്കുമ്പോൾ വെള്ളം ഇരച്ച് പുറത്തേക്ക് വരുന്ന തരത്തിലാണ് കാര്യങ്ങൾ ഒരുക്കിയത്. സംവിധായകൻ ആക്ഷൻ പറഞ്ഞു. ഞാൻ ഓടാൻ തുടങ്ങി. പക്ഷേ, ടാങ്കിന്റെ ഷട്ടർ പൊങ്ങിയില്ല. വെള്ളത്തിൻ്റെ മർദംകൊണ്ട് ഷട്ടറിന്റെ ഇരുമ്പുഷീറ്റുകൾ വളഞ്ഞുപോകുകയായിരുന്നു. പിന്നീട് എൻജിനിയറെ കൊണ്ടുവന്നപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ആരാണ് ഇത്തരത്തിലൊരു ടാങ്ക് നിർമിച്ചത് എന്നാണ്.

ഷട്ടർ തുറന്നിരുന്നെങ്കിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് വിചാരിച്ചതിലും എത്രയോ ശക്തമായിരിക്കും. മുൻപിലോടുന്ന ഞാൻ വെള്ളത്തിന്റെ പ്രഹരത്തിൽ തെറിച്ചുപോകുമായിരുന്നു. മിക്കവാറും അന്നുതന്നെ കാര്യങ്ങൾ അവസാനിച്ചിരിക്കും. ഇന്ന് അങ്ങിനെയുള്ള പ്രതിസന്ധികളൊന്നുമില്ല. അത്തരം രംഗങ്ങളെല്ലാം ഒരു ബുദ്ധിമുട്ടും കൂടാതെ ചിത്രീകരിക്കാൻ സിനിമയ്ക്ക് കഴിയും,’മോഹൻലാൽ പറയുന്നു.

അതേസമയം അടുത്തതായി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം ബറോസാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ ഷൂട്ടിങും അണിയറയിൽ നടക്കുന്നുണ്ട്. തരുൺ മൂർത്തിയുമായി ഒന്നിക്കുന്ന സിനിമ, സത്യൻ അന്തിക്കാടുമായി വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം തുടങ്ങി നിരവധി ചിത്രങ്ങൾ മോഹൻലാലിന്റേതായി വരാനിരിക്കുന്നു.

Content Highlight: Mohanlal Talk About Kadathanadan Ambadi