ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഒരുപോലെ പ്രതീക്ഷയുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്ത ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനും മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ആകാംക്ഷയാണ് എല്ലാവർക്കും. പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്‌ടിച്ച ചിത്രമാണ് വാലിബൻ.
എല്ലാം നിറഞ്ഞ ഒരു ചിത്രമാണ് വാലിബനെന്നും അങ്ങനെയൊരു കോമ്പിനേഷൻ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് ഇത്ര ഹൈപ്പ് ഉണ്ടാവുന്നതെന്നും മോഹൻലാൽ പറയുന്നു. വാലിബനിലെ ഏത് ഭാഗം ട്രെയിലറിൽ ഇട്ടാലും ചിത്രത്തിന്റെ ഹൈപ്പ് കൂടുമെന്നും എല്ലാ സിനിമകളും അതാണ് ചെയ്യാറെന്നും മോഹൻലാൽ പറഞ്ഞു. അതൊരു ബിസിനസ് തന്ത്രമാണെന്നും മാതൃഭൂമിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
‘മലൈക്കോട്ടൈ വാലിബനിൽ പ്രേക്ഷകർക്ക് വേണ്ട എല്ലാ കാര്യവുമുണ്ട്. അതുകൊണ്ട് തന്നെ തീർച്ചയായും കാണേണ്ട ഒരു സിനിമയായി മാറാൻ സാധ്യതയുള്ള ചിത്രമാണ് വാലിബൻ. ഇത്തരം സിനിമകൾ ആളുകൾ കാണാൻ വേണ്ടിയാണ് ഒരു ഹൈപ്പ് ക്രിയേറ്റ് ചെയ്തത്. അത് ക്രിയേറ്റ് ചെയ്യപ്പെട്ടതാണ്.
ഇങ്ങനെയൊരു കോമ്പിനേഷനിൽ വരുന്ന ഒരു സിനിമയ്ക്ക് ഹൈപ്പ് ഉണ്ടാവുകയാണ്. ആ പ്രതീക്ഷ കൂട്ടാനായി ഞങ്ങൾ സിനിമയിലെ ഏത് ഭാഗമിട്ടാലും ഹൈപ്പ് ഉണ്ടാവും. എല്ലാ സിനിമകളും അങ്ങനെയാണല്ലോ.
ഏത് സിനിമയുടെ ട്രെയ്ലറും ടീസറും ഇറങ്ങുമ്പോഴും അതിലെ ഏറ്റവും നല്ല ഭാഗങ്ങളാണ് കാണിക്കുക. അതൊരു ബിസിനസ് തന്ത്രം കൂടിയാണ്. പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടിയാണ്. പക്ഷെ മലൈക്കോട്ടൈ വാലിബൻ തീർച്ചയായും തിയേറ്ററിൽ വന്ന് കാണേണ്ട ഒരു സിനിമയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കാരണം ഞാൻ തിയേറ്ററിൽ ചെന്ന് സിനിമ കാണാൻ ഇഷ്ടപെടുന്ന ഒരാളാണ്. പഴയ ഇംഗ്ലീഷ് സിനിമകളൊക്കെ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഹിന്ദി സിനിമകൾ ആണെങ്കിലും അതിന്റെ സെറ്റുകളും കാര്യങ്ങളുമൊക്കെ വലിയ ക്യാൻവാസിൽ ഉള്ളതാണ്. അങ്ങനെയാണ് അന്ന് നമ്മൾ അത് കണ്ട് കൊണ്ടിരുന്നത്.
അതൊക്കെ അന്ന് നമുക്ക് മലയാളത്തിൽ സാധിക്കാത്ത കാര്യമായിരുന്നു. ഇന്നത് സാധിക്കാൻ പറ്റുമെന്ന് തെളിയിക്കുന്ന ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Hype Of Malaikotte Valiban