നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ ചില ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു സൂപ്പർസ്റ്റാർ ആയിട്ടും എന്തുകൊണ്ടാണ് മലയാളം പോലെ മറ്റു ഭാഷകളിൽ അഭിനയിക്കാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. മലയാളത്തിൽ താൻ കംഫർട്ടബിളാണെന്നും എന്നാൽ നല്ല കഥകൾ കിട്ടിയാൽ മറ്റുഭാഷകളിലും സിനിമ ചെയ്യുമെന്നും മോഹൻലാൽ പറയുന്നു. ഓരോ ഭാഷയിലും നിരവധി അഭിനേതാക്കളുണ്ടെന്നും സ്വാഭാവികമായി അവർക്കാവും ഫസ്റ്റ് പ്രെഫറൻസ് ഉണ്ടാവുകയെന്നും മോഹൻലാൽ പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ മലയാളത്തിൽ വളരെ കംഫർട്ടബിളാണ്. ഞാൻ അതിലാണ് കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത്. വളരെ രസമുള്ള ഒരു കഥ കിട്ടിയാൽ ഞാൻ ഇനിയും തമിഴിൽ സിനിമ ചെയ്യും. ഞാൻ കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു കുഴപ്പമില്ല. കാരണം എന്റെ സിനിമകളിപ്പോൾ തമിഴിൽ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്.
ഇപ്പോൾ ഒരു മലയാള സിനിമ എടുക്കുകയാണെങ്കിൽ അതെ സമയത്ത് തന്നെ നമുക്കത് തമിഴിലുമെടുക്കാം. ഒ.ടി.ടിയിൽ നമുക്കത് എല്ലാ ഭാഷയിലേക്കും ഡബ്ബ് ചെയ്യാം. അല്ലെങ്കിൽ അത്രയും അതിശയകരമായ ഒരു കഥാപാത്രം എനിക്ക് മറ്റൊരു ഭാഷയിൽ ലഭിക്കണം. ഇരുവർ എന്ന സിനിമ ചെയ്യുമ്പോൾ ഓൾ ഓവർ ഇന്ത്യയിൽ ഞങ്ങൾ ചെന്ന് ഷൂട്ട് ചെയ്തു.
മണിസാറിന്റെ രണ്ടാമത്തെ സിനിമ ഞാനാണ് ചെയ്തത്. ഉണരൂ എന്നാണ് അതിന്റെ പേര്. എത്രയോവർഷമായി അത് ചെയ്തിട്ട്. അതിനുശേഷം ഇരുവറിലേക്കാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. എന്തിനാണ് എന്നെ വിളിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ഈ കഥാപാത്രം താങ്കൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞു.
അങ്ങനെയൊരു വേഷം വന്നാൽ ഞാൻ ചെയ്തിരിക്കും. തെലുങ്കിൽ ഞാൻ സിനിമ ചെയ്തിട്ടുണ്ട്. ഓരോ ഭാഷയിലും കുറെ അഭിനേതാക്കൾ ഉണ്ടല്ലോ. അവർക്കായിരിക്കും ഫസ്റ്റ് പ്രെഫറൻസ് വരുക, ഈ വേഷത്തിന് മോഹൻലാൽ വേണമെന്ന് പറഞ്ഞ് സംവിധായകൻ എന്നെ കൺവിൻസ് ചെയ്താൽ ഞാൻ തീർച്ചയായും അഭിനയിക്കും,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About His Other Language Movies