| Friday, 15th December 2023, 11:23 am

ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് ചെയ്തതൊക്കെ തെറ്റാണെന്ന് തോന്നും: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറേ സിനിമകളിൽ വക്കീൽ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് പുതിയ ചിത്രം നേരിലെ കഥാപാത്രമെന്നാണ് മോഹൻലാൽ പറയുന്നത്. മലയാളത്തിലെ ഹിറ്റ്‌ കൂട്ടുകെട്ടായ മോഹൻലാൽ – ജീത്തു ജോസഫ് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് നേര്. കാലങ്ങൾക്ക് ശേഷം മോഹൻലാൽ അഡ്വക്കേറ്റ് ആയി വേഷമിടുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്.

കോടതിയിലെ അച്ചടക്കങ്ങളും നിയമങ്ങളും അനുസരിച്ചാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും ഇപ്പോൾ ആലോചിക്കുമ്പോൾ പണ്ട് ചെയ്ത വക്കീൽ കഥാപാത്രങ്ങളിൽ തെറ്റ് തോന്നാറുണ്ടെന്നും കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

‘ഞാൻ കുറെ സിനിമയിൽ വക്കീൽ വേഷം ചെയ്തിട്ടുണ്ട്. അധിപനിലുണ്ട് ഹരികൃഷ്ണൻസിലുണ്ട് ഹലോയിലുണ്ട് അങ്ങനെ കുറെയുണ്ട്. പക്ഷെ അതിലെല്ലാം അഡ്വക്കേറ്റ് എന്ന പേര് മാത്രമേയുള്ളൂ. പക്ഷെ നേരിൽ അതിന്റെ എല്ലാ കാര്യങ്ങളും നോക്കിയാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്. എല്ലാവരും ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്.

കാരണം കോടതിക്ക് ഒരു അച്ചടക്കമുണ്ട് അതൊക്കെ നോക്കിയാണ് ചെയ്യേണ്ടത്. ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് ചെയ്തതൊക്കെ തെറ്റാണല്ലോയെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങളാണ്. പലപ്പോഴും പല ആളുകളും, ഇങ്ങനെയൊന്നുമല്ലെടോ കോടതി എന്നൊക്കെ പറഞ്ഞിട്ടുണ്ട്.


സിനിമയ്ക്ക് വേണ്ടിയുള്ള ഒരു സ്വാതന്ത്ര്യത്തിലാണ് അതെല്ലാം ചെയ്തിട്ടുള്ളത്. പക്ഷെ ഈ സിനിമയ്ക്ക് അങ്ങനെ പറ്റില്ല. ജീത്തു ഒരുപാട് ശ്രദ്ധിച്ചാണ് അത് ചെയ്തിരിക്കുന്നത്.

സാധാരണ കോടതിയിൽ ഷൂട്ട്‌ ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞങ്ങൾ ഒരു കോർട്ട് റൂം സെറ്റ് ചെയ്തു. സിനിമയുടെ ഭൂരിഭാഗവും അതിനുള്ളിൽ വെച്ചാണ് ഷൂട്ട്‌ ചെയ്തിട്ടുള്ളത്. അതൊക്കെ എടുക്കാനുള്ള പ്രയാസമുണ്ടായിട്ടും ജീത്തു അത് നന്നായി ചെയ്തിട്ടുണ്ട്.

ആ ശ്രദ്ധ എല്ലാത്തിലും ഉണ്ടാവണം. നമ്മുടെ വേഷവിധാനത്തിലും മറ്റൊരു അഡ്വക്കേറ്റിനോട് പെരുമാറുന്നതിലും സാക്ഷികളോട് ഇടപെടുന്നതിലുമെല്ലാം ചില നിയമങ്ങൾ ഉണ്ട്. അതൊന്നും ഇല്ലാതെ ചെയ്യാം. ഞാനുൾപ്പടെ പലരും അങ്ങനെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. പക്ഷെ ഇങ്ങനെയൊരു സാഹചര്യം വന്നപ്പോൾ ഇപ്പോഴാണ് കൂടുതൽ മനസിലാക്കുന്നത്,’മോഹൻലാൽ പറയുന്നത്.

Content Highlight: Mohanlal Talk About His Lawyer Roles In Films 

Latest Stories

We use cookies to give you the best possible experience. Learn more