ഒരു സിനിമയും ചെയ്യാൻ പറ്റാതെ പോയതിൽ തനിക്ക് പ്രയാസം തോന്നിയിട്ടില്ലായെന്നാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പറയുന്നത്. നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാൻ കഴിയില്ലെന്നും മോശമാകുന്ന സിനിമകളും നല്ല സിനിമകളും ഒരുപോലെ സംഭവിക്കുന്നതാണെന്നും മോഹൻലാൽ പറയുന്നു.
ഒരു ഫിലിം ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ എല്ലാ തരത്തിലുള്ള സിനിമകളും ഉണ്ടാവണമെന്നും പുതിയ ചിത്രം നേരിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് അദ്ദേഹം പറഞ്ഞു.
‘നമുക്കൊരു സിനിമ വേണ്ടെങ്കിൽ വേണ്ട എന്ന് തന്നെ പറയാമല്ലോ. എപ്പോഴും ഞങ്ങൾ ഞങ്ങളുടെ സിനിമ തന്നെയാണ് കൂടുതലും ചെയ്യാറുള്ളത്. നമ്മുടെ സൗകര്യത്തിന് നമ്മുടെ ഇഷ്ടത്തിന് സിനിമകൾ ചെയ്യാൻ കഴിയുന്നത് കൊണ്ടാണത്. ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെ നമ്മൾ സഹിച്ചാൽ മതി. ചില സമയങ്ങളിൽ മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാനുള്ള ബുദ്ധിമുട്ട് നമുക്കുണ്ടാകും. കഥ കേട്ട് ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞാൽ അവർക്ക് വിഷമമാവും. അത് ചെയ്തില്ലെങ്കിൽ അവർക്ക് പ്രയാസം തോന്നും. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
ഒരു സിനിമയെ കുറിച്ച്, അയ്യോ ഇത് ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇത് വരെ തോന്നിയിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. നാളെ നേര് എന്ന സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നാൽ പറ്റില്ലല്ലോ. അത് ഒരാൾ എഴുതി ആ സിനിമ സംഭവിക്കുകയാണ്. ഞാൻ അതിൽ വിശ്വസിക്കുന്ന ഒരാളാണ്.
എല്ലാ സിനിമയും വളരെ വിജയം നേടിയതൊന്നുമല്ല. മോശമാകുന്ന സിനിമകളും അങ്ങനെ സംഭവിച്ച സിനിമകൾ തന്നെയാണ്. അങ്ങനെ സംഭവിക്കണമെന്നും ഞാൻ അതിൽ ഉൾപ്പെടണമെന്നുമായിരിക്കും.
നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് പറയാൻ പറ്റില്ലല്ലോ. ഇപ്പോൾ ആന്റണിക്ക് ഒരുപാട് ഇഷ്ട്ടമായ ഒരു കഥ എന്റെ അടുത്ത് വന്ന് പറയുമ്പോൾ എനിക്ക് ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ട്ടമായ ഒരു കഥ ആന്റണിയോട് നമുക്കിത് ചെയ്യാം എന്ന് പറഞ്ഞപ്പോൾ അത് ശരിയാവില്ല സാറേ എന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. അതിനിപ്പോൾ എന്താണ്.
ഞങ്ങൾ പറയുന്നത് ഏറ്റവും വലിയ വാക്യമാണ് എന്നല്ല അതിനർത്ഥം. നമ്മൾ നല്ല ഹിറ്റ് സിനിമകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിനിമ ഇൻഡസ്ട്രിയുടെ ചക്രം തിരിയണമെങ്കിൽ അത്തരം സിനിമകൾ ഉണ്ടാവണം.