| Wednesday, 24th January 2024, 8:04 pm

ലൂസിഫർ സിനിമയിലെ ആ ഡയലോഗ് റിയൽ ലൈഫിൽ പറഞ്ഞത് അവർ കാണിച്ച സ്നേഹം കൊണ്ടാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ ആരാധകരുള്ള മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറാണ് മോഹൻലാൽ. നാല് പതിറ്റാണ്ടോളമായി അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു. നാളിതുവരെ വിവിധ തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളിൽ അദ്ദേഹം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈയിടെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ ഇരുപത്തിയാഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായി മോഹൻലാൽ പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. അപകടത്തിൽ തന്നെ രക്ഷിക്കാൻ തന്റെ പിള്ളേർ ഉണ്ടെടാ എന്നായിരുന്നു അന്ന് മോഹൻലാൽ പറഞ്ഞത്.

കഴിഞ്ഞ 25 വർഷമായി അവർ തന്നോട് കാണിക്കുന്ന സ്നേഹത്തിന് ഒരു മര്യാദ പോലെയാണ് അങ്ങനെ പറഞ്ഞതെന്ന് മോഹൻലാൽ പറയുന്നു. നാല് തലമുറയിലുമുള്ളവർ തന്റെ സിനിമകൾ കണ്ടിട്ടുണ്ടാവുമെന്നും അതൊരു വലിയ ഭാഗ്യമാണെന്നും മോഹൻലാൽ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇരുപത്തിയഞ്ചാം വർഷത്തെ ഒരു ആഘോഷമായിരുന്നു അത്. അതിന് മുമ്പും അതിൽ പ്രവർത്തിച്ച ആളുകളുണ്ട്. അവരെയൊക്കെ ആ സമയത്ത് നമ്മൾ ഓർത്തു. അത്രയും കാലം നമ്മളോടൊപ്പം സഞ്ചരിച്ച കുറച്ച് പേരെങ്കിലും ഉണ്ടാവും. അത് കഴിഞ്ഞിട്ടാവും കുറച്ച് പേരെങ്കിലും അതിലേക്ക് വരുന്നത്.

എന്റെ സിനിമ കണ്ട ഒരു അമ്മൂമ്മ, മകൾ, മകളുടെ മകൾ, അവരുടെ മകളും ഉണ്ടാവാം. നാല് തലമുറയിലൂടെ സഞ്ചാരിക്കുകയെന്നത് ഒരു ഭാഗ്യമാണ്. ഈ കാലമത്രയും ഇവരാണ് നമ്മളെ നിലനിർത്തി പോവുന്നത്. എന്റെ പ്രായവും കാര്യവുമെല്ലാം വെച്ച് എന്റെ ആരാധകരെ പിള്ളേർ എന്ന് വിളിക്കുന്നതിൽ കുഴപ്പമില്ല.

അത് ലൂസിഫർ എന്ന സിനിമയിൽ ഞാൻ പറഞ്ഞ ഡയലോഗ് കൂടെയാണ്. അത് വളരെ സത്യസന്ധമായി പറയുകയാണ്.

എന്റെ ഒരു അപകടത്തിൽ എന്നെ രക്ഷിക്കാൻ എന്റെ പിള്ളേർ ഉണ്ടെടാ എന്ന് പറയുന്നത് 25 വർഷത്തെ യാത്രയിൽ അവർ കാണിച്ച സ്നേഹത്തിന് ഒരു മര്യാദ പോലെയാണ്. ഉപയോഗിച്ച വാക്ക് അങ്ങനെ ആയി എന്നേയുള്ളൂ,’മോഹൻലാൽ പറയുന്നു

Content Highlight: Mohanlal Talk About his Fans

We use cookies to give you the best possible experience. Learn more