താൻ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരാളാണെന്ന് മോഹൻലാൽ പറയുന്നു.
നമ്മൾ എല്ലാവരും അമ്മയുടെയും മുത്തശ്ശിമാരുടെയും സ്നേഹത്തിലാണ് വളർന്നതെന്നും യക്ഷി കഥകൾ കേൾക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും മോഹൻലാൽ പറഞ്ഞു. തന്റെ കുട്ടികൾക്കും കഥ പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ആ കഥകൾ പോലൊരു നാടോടി കഥയാണ് വാലിബനെന്നും മിർച്ചി മലയാളത്തോട് അദ്ദേഹം പറഞ്ഞു.
‘നമ്മളൊക്കെ ഒരുപാട് കഥകൾ കേട്ടാണ് വളർന്നത്. അമ്മയുടെയും അമ്മൂമ്മയുടെയും അങ്ങനെ എല്ലാവരുടെയും സ്നേഹത്തിന്റെ ഓറയിലാണ് നമ്മൾ എല്ലാവരും വളർന്നത്. രാത്രികാലങ്ങളിൽ എത്ര കഥകൾ അവർ പറഞ്ഞ് തരും. പണ്ട് പണ്ട് എന്ന് പറഞ്ഞായിരിക്കും എല്ലാ കഥയും തുടങ്ങുക, പക്ഷെ നമ്മൾ അതിനെ മാറ്റും.
ആ കഥകൾ എല്ലാം അത്ഭുതമാണ്. ഭൂതത്തിന്റെ കഥ, യക്ഷിയുടെ കഥ അങ്ങനെ എത്രയെണ്ണം. യക്ഷിയുടെ കഥകൾ ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടം. കഥ പകുതിയാവുമ്പോൾ നമ്മൾ ഉറങ്ങി പോവും. ഒരു കഥയും മുഴുവനാക്കാൻ സമ്മതിച്ചിട്ടില്ല അതിന് മുമ്പ് നമ്മൾ ഉറങ്ങും.
ഇപ്പോഴും കഥകൾ കേൾക്കാൻ ഇഷ്ടമാണ്. ഒരു പരിധിവരെ എന്റെ കുട്ടികൾക്കൊക്കെ ഞാൻ കഥകൾ പറഞ്ഞ് കൊടുക്കുമായിരുന്നു. അപ്പോഴേക്കും അവർ പോയി. കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. എല്ലാ രാജ്യത്തും നാടോടി കഥകളുണ്ട്.
അവരുടേതായ ഒരു കഥയുണ്ട്. അതുപോലൊരു നാടോടി കഥയായി നമുക്ക് ഇതിനെ കണക്കാക്കാം,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About His Childhood