ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയ ചിത്രമായിരുന്നു സ്റ്റൈൽ മന്നൻ രജിനികാന്ത് നായകനായ ജയിലർ.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് ഭാഷകളിലെ സൂപ്പർ സ്റ്റാറുകൾ അണിനിരന്നപ്പോൾ ആരാധകർക്ക് ആഘോഷമാക്കാൻ അതുമാത്രം മതിയായിരുന്നു. കന്നഡ താരം ശിവ രാജ്‌കുമാർ, സൂപ്പർ സ്റ്റാർ രജിനികാന്ത് ഒപ്പം മലയാളികളുടെ സ്വന്തം മോഹൻലാലും.
ചിത്രത്തിൽ മാത്യു എന്ന അധോലോക നായകനായാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. രജനികാന്തിന്റെ കഥാപാത്രത്തെ സഹായിക്കാൻ നിമിഷനേരം മാത്രം സ്ക്രീനിൽ വന്നു പോകുന്ന കഥാപാത്രം ആയിട്ടും ഏറെ നാളുകൾക്കു ശേഷം മോഹൻലാൽ ആരാധകർക്ക് ആഘോഷമാക്കാനുള്ള വക മാത്യു സമ്മാനിച്ചിരുന്നു. ചിത്രത്തിന് പിന്നാലെ മലയാള സിനിമ മോഹൻലാലിനെ അത്തരത്തിൽ ഉപയോഗിക്കുന്നില്ല എന്നും ചിലർ പറഞ്ഞിരുന്നു.
മോഹൻലാൽ തന്നെ ഇതിനു മറുപടി പറയുകയാണ്. മാത്യു എന്ന പേരിൽ മലയാളത്തിൽ ഒരു മുഴുനീള സിനിമ എടുത്താൽ അത് പരാജയം ആയിരിക്കാമെന്നും രജിനികാന്തിനെ പോലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിനെ സഹായിക്കാനായി മാത്യു വരുന്നതുകൊണ്ടാണ് കഥാപാത്രം വലിയ വിജയമായതെന്നും മോഹൻലാൽ പറയുന്നു.
കുറച്ചുനേരം മാത്രം സ്‌ക്രീനിൽ വന്ന് പോകുന്നത് കൊണ്ടാവും മാത്യു വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതെന്നും കാൻചാനൽ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളത്തിൽ അത്തരത്തിലുള്ള സിനിമകൾ ഇല്ലാത്തത് കൊണ്ടാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹൻലാൽ.
‘വേറേ ഒരുപാട് കാരണങ്ങളുണ്ട്. മാത്യു എന്ന് പറഞ്ഞ് മലയാളത്തിൽ ഒരു പടമെടുത്താൽ അത് അത്ര നന്നാവണമെന്നില്ല.
കാരണം അയാൾ എന്തു ചെയ്യുന്നു എന്നതും പ്രധാനമല്ലേ. രജിനികാന്ത് എന്ന് പറയുന്ന സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിനെ സഹായിക്കാനാണ് മാത്യു വരുന്നത്. മാത്യുവിന്റെ അടുത്ത് സഹായം ചോദിച്ചിട്ടാണ് രജിനികാന്ത് വരുന്നത്. അല്ലാതെ ചുമ്മാ മാത്യു എന്നു പറഞ്ഞു വന്നിട്ട് കാര്യമില്ല.
അതുപോലെ മാത്യു എന്ന് പറഞ്ഞ് മലയാളത്തിൽ ഭയങ്കരമായൊരു പടം എടുത്താൽ വിജയിക്കണമെന്നില്ല. സിനിമയിൽ കുറച്ച് നേരം ഉള്ളത് കൊണ്ടായിരിക്കാം ആ കഥാപാത്രത്തിന് ഒരു ഭംഗി തോന്നുന്നത്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About His Character Mathew In Jailer Movie