| Sunday, 8th September 2024, 8:03 am

ഈ കഥാപാത്രം ഞാൻ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ടായിരുന്നു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത കഥാപാത്രമായിരുന്നു വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ. മോഹൻലാൽ കഥകളി കലാകാരനായി വേഷമിട്ട ചിത്രം 1999ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

മറ്റൊരു സിനിമയിലും കാണാത്ത മോഹൻലാലിനെ കണ്ട സിനിമ കൂടിയായിരുന്നു വാനപ്രസ്ഥം. ഇന്നും നിരവധിയാളുകൾ പ്രശംസിക്കുന്ന കഥാപാത്രം എങ്ങനെ ചെയ്യുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് മോഹൻലാൽ.

എന്നാൽ സംവിധായകൻ ഷാജി.എൻ.കരുണിനും കാവാലം നാരായണ പണിക്കർക്കുമെല്ലാം തന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. തന്റെ പുതിയ ചിത്രം ബറോസ് പോലെ, മുമ്പ് ഇന്ത്യയിൽ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടില്ലെന്നും മോഹൻലാൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘കലാമണ്ഡലം ഗോപിയാശാന്റെ പ്രകടനം ഞാൻ കണ്ടിട്ടുണ്ട്. അത് കണ്ടത് കൊണ്ട് ആ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. കഥകളിയിൽ ഒരുപാട് സൗന്ദര്യം ഉള്ള ഒരാളാണെങ്കിലും ചിലപ്പോൾ ആ വേഷം കെട്ടി കഴിഞ്ഞാൽ മോശമായി പോവും. വേഷ പകർച്ച വേണം.

ഗോപിയാശാൻ അവിടെ പാവമായിട്ട് ഇരിക്കും, പക്ഷെ അദ്ദേഹം കർണാനായിട്ടൊക്കെ വരുമ്പോഴുള്ള ആ ഒരു പ്രെസെൻസുണ്ട്. ശിവാജി ഗണേഷൻ സാറും അങ്ങനെയാണ്. അദ്ദേഹം കഥാപാത്രത്തിന്റെ ഡ്രസ്സ്‌ ഇട്ട് കഴിയുമ്പോൾ വേറേ ഒരാളായിട്ട് മാറും.

വാനപ്രസ്ഥം എന്റെ ആദ്യത്തെ കോ പ്രൊഡക്ഷനാണ്. ബറോസ് പോലെയാണതും. അന്നുവരെ ഇന്ത്യയിൽ അങ്ങനെയൊരു ചിത്രമില്ല. ഫ്രാൻസിൽ നിന്നുള്ളരും ഞാനും ആയിരുന്നു ആ സിനിമ നിർമിച്ചത്. ഷാജി സാർ അതിന്റെ കഥായൊക്കെ വന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ച്, ഇതെങ്ങനെ എനിക്ക് ചെയ്യാൻ പറ്റുമെന്ന്. പക്ഷെ അദ്ദേഹത്തിന് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു.

കാവാലം നാരായണ പണിക്കർ സാറും ഇതേ കോൺഫിഡൻസ് തന്നെയാണ് എന്നോട് പറഞ്ഞത്. അവിടെ ചെന്നപ്പോൾ ഞാൻ മാത്രമേയുള്ളൂ കഥകളിയല്ലാത്ത നടൻ. കുറച്ച് ദിവസം അവിടെ നിന്ന് കുറച്ച് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കുട്ടിക്കാലത്തൊക്കെ അച്ഛന്റെ കൂടെ ചെന്ന് കഥകളിയൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ നമുക്ക് മുദ്രകളൊന്നും അറിയില്ലല്ലോ,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About His Character In Vanaprastham Movie

We use cookies to give you the best possible experience. Learn more