| Friday, 15th December 2023, 7:56 am

ഓടേണ്ടതല്ല എന്ന് പ്രേക്ഷകർ പറഞ്ഞ ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്, ഞാൻ അങ്ങനെ പറയില്ല: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ വിജയപരാജയങ്ങൾ വേണ്ടുവോളം തിരിച്ചറിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. നാൽപ്പതിലേറെ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മോഹൻലാൽ തന്റെ സിനിമകളുടെ പരാജയങ്ങളെക്കുറിച്ച് പറയുകയാണ്.

ഈ വർഷങ്ങളിലായി തിയേറ്റുകളിൽ എത്തിയ മോഹൻലാൽ ചിത്രങ്ങളെല്ലാം വേണ്ടത്ര വിജയം നേടിയിരുന്നില്ല. ദൃശ്യം ഒരുക്കിയ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്ന നേര് എന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

സിനിമകൾ പരാജയപ്പെടുന്നതിനെ അതങ്ങനെ സംഭവിക്കുന്നതായിട്ട് മാത്രമേ താൻ കരുതുന്നുള്ളൂവെന്നും ജീവിതത്തിൽ നന്നാവണം എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും ശരിയാകാതെ പോകുന്ന പോലെയാണ് അതെന്നും മോഹൻലാൽ പറഞ്ഞു. നല്ല ചില സിനിമകൾ തിയേറ്ററിൽ ഓടാത്തതിന്റെ കാരണമറിയില്ലെന്നും മാതൃഭൂമിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ അതിനെ പരാജയമായിട്ട് കാണുന്നില്ല, അതങ്ങനെ സംഭവിച്ചു പോയി എന്ന് മാത്രമേ വിചാരിക്കുന്നുള്ളൂ. ആ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. നമ്മൾ ഏറ്റവും നന്നായി മാറണേയെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും ജീവിതത്തിൽ ശരിയാകാതെ പോയിട്ടുണ്ട്. അത്തരത്തിലൊരു കാര്യമായിട്ടേ അതിനെയും കാണുന്നുള്ളൂ.

ഒരു സിനിമ തുടങ്ങുമ്പോൾ ഏറ്റവും നല്ല സിനിമയാകണം എന്നാണ് എല്ലാവരും വിചാരിക്കുക. പക്ഷേ പല സിനിമകളും തിയേറ്ററിൽ ഓടാതിരുന്നിട്ടുണ്ട്. അതിന്റെ കാരണമെന്താണെന്ന് ആർക്കും അറിയില്ല.

അതുപോലെ ആളുകൾ പറയുന്ന പല ഓടേണ്ടതല്ലാത്ത സിനിമകൾ ഓടിയിട്ടുണ്ട്. ഞാനൊന്നും അങ്ങനെ പറയില്ല. സിനിമ ഒരു സീക്രട്ട് റെസിപ്പിയാണ്. നല്ല സിനിമയാണെന്ന് പറഞ്ഞാലും ഈ സിനിമ ഓടുമോ ഇല്ലയോ എന്നത് ഞങ്ങൾക്ക് പറയാൻ പറ്റില്ല.

ദൃശ്യം എടുത്തപ്പോൾ പോലും ആ ചിത്രം അത്ര വലിയ വിജയം ആകുമെന്നോ അതിനൊരു രണ്ടാം ഭാഗം ചെയ്യുമെന്നോ ചിന്തിച്ചിട്ടേയില്ല,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About His Box Office Failures

We use cookies to give you the best possible experience. Learn more