ദാരിദ്രത്തിൽ നിന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി അദ്ദേഹം മാറിയത് പോസിറ്റീവ് ചിന്ത കൊണ്ടാണ്: മോഹൻലാൽ
Entertainment
ദാരിദ്രത്തിൽ നിന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി അദ്ദേഹം മാറിയത് പോസിറ്റീവ് ചിന്ത കൊണ്ടാണ്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th June 2024, 8:06 am

മലയാളത്തിലെ സൂപ്പർ താരമാണ് മോഹൻലാൽ. കാലങ്ങളായി തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്നുണ്ട് അദ്ദേഹം. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ രജിനികാന്തിനെ കുറിച്ച് പറയുകയാണ് മോഹൻലാൽ.

ഇരുവരും ഒന്നിച്ചെത്തിയ ജയിലർ എന്ന ചിത്രം വമ്പൻ വിജയമായിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മാത്യു എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ എത്തിയത്.

രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. തന്റെ വിവാഹത്തിന് ശേഷമാണ് രജിനിയെ അടുത്തറിയാൻ കഴിഞ്ഞതെന്നും ദാരിദ്രത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി മാറിയത് അദ്ദേഹത്തിന്റെ പോസിറ്റീവ് ചിന്തകൾ കാരണമാണെന്നും മോഹൻലാൽ പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെയും സുചിത്രയുടേയും വിവാഹശേഷമാണ് രജിനികാന്തിനെ അടുത്തറിയാൻ അവസരങ്ങളുണ്ടായത്. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബിച്ച്ഹൗസിൽ എല്ലാ വെള്ളിയാഴ്ച‌യും ശനിയാഴ്‌ചയും രജിനികാന്ത് എത്തും. ഒരു കുടുംബസംഗമം.

ആ സമാഗമത്തിൽ പല തവണ ഞാനും പങ്കാളിയായി. അപ്പോഴെല്ലാം അദ്ദേഹം പ്രസരിപ്പിച്ച പോസിറ്റീവ് എനർജി എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വർധിപ്പിച്ചു. ദരിദ്രപശ്ചാത്തലത്തിൽ നിന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി അദ്ദേഹം ഉയർന്നതും ഈ പോസിറ്റീവ് ചിന്തയുടെ ആത്മബലംകൊണ്ടാണ്.

സിനിമയ്ക്കുവേണ്ടി ഏറെ കഷ്ടപ്പെടുകയും ആ കഷ്ടപ്പാടുകളെല്ലാം പിൽക്കാലത്ത് സ്വ‌പ്നതുല്യമായ നേട്ടങ്ങളാക്കി മാറ്റുകയും ചെയ്തു ആ ജീനിയസ്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ഒരാൾക്കും ഇത്തരത്തിൽ വിജയിച്ചുയരാൻ കഴിയില്ല.

സിനിമയിൽ എന്തുചെയ്‌താലും അതൊരു സ്റ്റൈലായി മാറുക എന്നത് രജിനികാന്തിന് ലഭിച്ച അപൂർവഭാഗ്യമാണ്. ഒരു മുഷിപ്പുമില്ലാതെ പ്രേക്ഷകർക്ക് ആ ഭാവഭേദങ്ങൾ സ്വീകരിക്കാൻ കഴിയും. വേറൊരാൾ ചെയ്താൽ ഒരുപക്ഷേ അത്രത്തോളം നന്നാകില്ലെന്ന തോന്നൽ പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്നതിൽ രജിനികാന്തിലെ നടന് അപാരമായ സിദ്ധിയുണ്ട്,’മോഹൻലാൽ പറയുന്നു.

 

 

Content Highlight: Mohanlal Talk About Growth Of Rajinikanth