| Wednesday, 10th July 2024, 4:56 pm

ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് ദേവദൂതൻ, സിനിമ പരാജയപ്പെട്ടപ്പോൾ ഞാൻ സിബിയോട് ഒരു കാര്യം ചോദിച്ചു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.

2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ചിത്രത്തിലെ ഗാനങ്ങൾ താനിപ്പോഴും കേൾക്കാറുണ്ടെന്നും അഭിനയിച്ചതിൽ ഏറെ ഇഷ്ടമുള്ള ചിത്രമാണ് ദേവദൂതനെന്നും മോഹൻലാൽ പറയുന്നു. അന്ന് ചിത്രം കാണുമ്പോൾ അത്ഭുതമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

‘ഇപ്പോഴും ഞാനിരുന്നു ദേവദൂതനിലെ ‘ എന്തരോ മഹാനുഭാവുലു’ പാട്ട് കാണാറുണ്ട്. ഈ സിനിമയിൽ പറയുന്നത് ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നാണ്. പക്ഷെ ഇപ്പോൾ ഞങ്ങൾ മനസിലാക്കുന്നു, ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ടെന്ന്.

ഒരു നടൻ എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. എന്തുകൊണ്ട് ദേവദൂതൻ അന്ന് പരാജയപ്പെട്ടു എന്ന് ചോദിച്ചാൽ, എന്തെങ്കിലും കാരണം കാണും. അന്ന് ആർക്കോ ആരോടോ എന്താ പറയാനുള്ളതെന്ന് മനസിലായിട്ടുണ്ടാവില്ല.

തീർച്ചയായും ഞാൻ സിബിയോട് ചോദിക്കുമായിരുന്നു എന്തുകൊണ്ടാവാം ദേവദൂതൻ പരാജയപ്പെട്ടതെന്ന്. ഒരുപക്ഷെ മറ്റ് സിനിമകളുടെ കൂടെ ഇറങ്ങിയത് കൊണ്ടാവാം അല്ലെങ്കിൽ ആ സിനിമയുടെ ഒരു ബേസ് ആളുകളിലേക്ക് എത്താത്തത് കൊണ്ടായിരിക്കാം. പക്ഷെ അന്ന് ഈ സിനിമ കണ്ടപ്പോൾ എല്ലാം അത്ഭുതമായിരുന്നു. അതിന്റെ സൗണ്ട് ആണെങ്കിലും മ്യൂസിക് ആണെങ്കിലും ക്യാമറയാണെങ്കിലും എല്ലാം,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Failure  Of Devadoothan Movie

We use cookies to give you the best possible experience. Learn more