കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ വലിയ ചലനം ഉണ്ടാക്കിയ ചിത്രമായിരുന്നു ജയിലർ. സ്റ്റൈൽ മന്നൻ രജിനികാന്ത് നായകനായി എത്തിയ ചിത്രം നെൽസൺ ആയിരുന്നു സംവിധാനം ചെയ്തത്.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഇറങ്ങിയ ചിത്രമായിരുന്നു ജയിലർ. എന്നാൽ ജയിലർ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറി. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും മലയാളത്തിന്റെ മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ജയിലർ.
മാത്യു എന്ന കഥാപാത്രത്തെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. മോഹൻലാലും രജിനിയും ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു ജയിലർ. രജിനിയോട് പണ്ട് മുതലേ അടുപ്പമുണ്ടെന്നും തന്നെ കാണുമ്പോൾ അദ്ദേഹത്തിന് വലിയ ആകാംക്ഷയാണെന്നും മോഹൻലാൽ പറയുന്നു. മലയാള സിനിമയെ കുറിച്ച് അറിയാൻ താത്പര്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മോഹൻലാൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘മറ്റൊരു ഭാഷയിൽ അവസാനമായി ഞാൻ അഭിനയിച്ചത് രജിനിസാറിന്റെ കൂടെയാണ്. അദ്ദേഹമൊക്കെ നമ്മളെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹത്തെ എത്രയോ വർഷമായി എനിക്കറിയാം. എന്റെ ഫാദർ ഇൻ ലോയുടെ കുറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പണ്ട് മദ്രാസിലുള്ളപ്പോൾ എല്ലാ ആഴ്ചയും ഞങ്ങൾ കാണും. അങ്ങനെ ഒരുപാട് പരിചയം ഉള്ള ആളാണ്. എപ്പോൾ കണ്ടാലും ആ സ്നേഹമുണ്ട്. ഞാൻ സുചിയെ കല്യാണം കഴിക്കുമ്പോൾ, സുചിയെ തൊട്ടിലിൽ നിന്ന് എടുത്ത് കൊണ്ടു പോവുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അത്രയും സ്നേഹമുള്ള ആളാണ്. ജയിലർ എന്ന സിനിമ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന് ഒരു ആകാംക്ഷയാണ് നമ്മളെ കാണുമ്പോൾ. സിനിമയെ കുറിച്ച് അറിയണം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതുപോലെയാണ് കമൽ ഹാസനായാലും അമിതാഭ് ബച്ചനായാലും,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Experience With Rajinikanth In Jailer