നാല്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട് മോഹൻലാൽ. തുടക്കകാലത്ത് തന്നെ പ്രഗൽഭരായ സംവിധായകരോടൊപ്പവും എഴുത്തുകാരോടൊപ്പവും സിനിമകൾ ചെയ്തപ്പോൾ മോഹൻലാലിന് ലഭിച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നു.
എന്നാൽ ഈയിടെയായി താരത്തിന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് വലിയ വിമർശനം ഉയർന്നിരുന്നു. നല്ല കഥകൾ കിട്ടാത്തത് കൊണ്ടാണ് മോഹൻലാലിലെ നടനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാത്തതെന്നും പലരും അഭിപ്രായപെടുന്നുണ്ട്.
എന്നാൽ ആ കാര്യത്തിൽ പരാതി പറഞ്ഞിട്ടോ വിഷമിച്ചിട്ടോ കാര്യമില്ല എന്നാണ് മോഹൻലാൽ പറയുന്നത്. അന്നത്തെ കഥകളൊക്കെ ഇന്ന് ചെയ്താൽ എങ്ങനെയുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും താരം പറയുന്നു. സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കാൻചാനൽ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘പരാതി പറഞ്ഞിട്ടും വിഷമിച്ചിട്ടും കാര്യമില്ല. അതിന്റെ സമയങ്ങളൊക്കെ മാറി. ആ സമയത്തെ കഥകളൊക്കെ ഇപ്പോൾ എടുത്താൽ എങ്ങനെയാണെന്ന് നമുക്ക് പറയാൻ പറ്റില്ല. അത്ര ശക്തരായ എഴുത്തുകാരുണ്ടോ എന്ന് ചോദിച്ചാൽ അതും നമുക്ക് പറയാൻ പറ്റില്ല. അതൊരു സമയമാണ്. ആ സമയത്ത് അതിനോടൊപ്പം സഞ്ചരിക്കാൻ സാധിച്ചു എന്നത് ഒരു ഭാഗ്യമാണ്.
നല്ല കഥകൾ ഉണ്ടാവാൻ സാഹചര്യമുള്ള സമയമാണ്. പക്ഷെ സിനിമ അതിന്റെ വലിയ രീതിയിലേക്ക് വളർന്ന് പോയി. കൂടുതൽ ബിസിനസ് എന്ന് പറയുന്നത് കൊമേർഷ്യൽ ഫിലിം എന്ന് പറയുന്ന വലിയ രീതിയിലുള്ള സിനിമകൾക്കാണ്.
എല്ലാം കൊമേർഷ്യൽ ഫിലിംസാണ്. അതിന്റെ പോസിബിലിറ്റീസ് മാറി. എന്ത് തന്നെയായാലും വളരെ ശക്തമായ പ്രമേയങ്ങൾക്ക് ഇപ്പോഴും വലിയ സാധ്യതയുണ്ട്.
പ്രത്യേകിച്ച് മലയാളത്തിൽ,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Changes Of Stories In Malayalam Cinema