അർഹിക്കുന്ന അംഗീകാരം വേണ്ടപോലെ ആ നടന് ലഭിച്ചിട്ടില്ല: മോഹൻലാൽ
Entertainment
അർഹിക്കുന്ന അംഗീകാരം വേണ്ടപോലെ ആ നടന് ലഭിച്ചിട്ടില്ല: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th October 2024, 1:23 pm

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.

പല ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം നടൻ മധുവിനെക്കുറിച്ച് സംസാരിക്കുകയാണ്. നരൻ, നാടുവാഴികൾ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

അർഹതക്കുള്ള അംഗീകാരം കിട്ടാത്ത നടനാണ് മധുവെന്നും പത്മശ്രീ പോലും ഈയടുത്താണ് മധുവിന് ലഭിച്ചതെന്നും മോഹൻലാൽ പറയുന്നു. പടയോട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘മധുസാറിന്റെ സംഭാവനകളെക്കുറിച്ച് ആഴത്തിൽ വിലയിരുത്താനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. പക്ഷെ അർഹതയ്ക്കുള്ള അംഗീകാരം വേണ്ടപോലെ അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല എന്നാണ് മുപ്പതുവർഷത്തിലേറെയായി ചലച്ചിത്രരംഗത്ത് തുടരുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നുന്നത്.

പത്മശ്രീപോലും അദ്ദേഹത്തിന് ലഭിച്ചത് ഈയിടെയാണ്. നടനും നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും വിതരണക്കാരനും സ്റ്റുഡിയോ ഉടമയുമായി ചലച്ചിത മണ്ഡലത്തിൽ സർവവ്യാപിയായി നിറഞ്ഞിട്ടും അദ്ദേഹത്തിന് പത്മപുരസ്‌കാരം നൽകണമെന്ന തിരിച്ചറിവ് നമ്മുടെ അധികാരകേന്ദ്രങ്ങൾക്കുണ്ടായത് എത്ര വൈകിയാണ്? അംഗീകാരങ്ങളുടെ പൊന്നാടകൾ കൊണ്ട് എത്ര മൂടിയാലും അതിൻ്റെ ധവളിമയിൽ മതിമറന്നുപോവുന്ന ആളല്ല അദ്ദേഹം.

‘പടയോട്ടം’ എന്ന സിനിമയിലൂടെയാണ് മധുസാറും ഞാനുമായുള്ള സൗഹൃദത്തിൻ്റെ തുടക്കം. പിന്നീട് എത്രയോ ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. പരിചയപ്പെട്ട കാലംമുതൽ അദ്ദേഹം എന്നിൽ നിറച്ച സ്നേഹം ഇന്നും അനർഗളമായി ഒഴുകുന്നുണ്ട്. നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ മകനായും ഞാൻ വേഷമിട്ടു,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal Talk About Actor Madhu