| Monday, 22nd May 2023, 5:21 pm

ഞാന്‍ ഈ ലോകത്തില്‍ നിന്ന് പോയാലും എന്റെ കയ്യക്ഷരം ഇവിടെ കാണും; ജന്മദിനത്തില്‍ മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിന ആഘോഷത്തിലായിരുന്നു സിനിമാ ലോകം. മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നുമുള്‍പ്പെടെ നിരവധി പ്രമുഖരും ആരാധകരുമാണ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ അറിയിച്ചത്.

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലും ജന്മദിനം ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് വേദിയില്‍ വ്യത്യസ്തമായ സമ്മാനമാണ് മോഹന്‍ലാലിന് ലഭിച്ചത്. മോഹന്‍ലാലിന്റെ കയ്യക്ഷരം ഇനി ഫോണ്ട് രൂപത്തിലും ലഭ്യമാകും എന്നാണ് ബിഗ് ബോസ് വേദിയില്‍ വെച്ച് പ്രഖ്യാപിക്കപ്പെട്ടത്. ഇങ്ങനെയൊരു സമ്മാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും താന്‍ ഈ ലോകത്ത് നിന്ന് പോയാലും തന്റെ കയ്യക്ഷരം ഇവിടെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘പലപ്പോഴും എഴുതാത്തത് കൊണ്ട് ഒരുപാട് നഷ്ടം വരുന്നു. കയ്യക്ഷരം പോകും, സ്‌പെല്ലിങ് മിസ്റ്റേക്ക് വരും. അതുകൊണ്ട് എഴുതിത്തുടങ്ങിയതാണ്. എന്തായാലും അതൊരു വലിയ കാര്യത്തിലേക്ക് മാറി. ആ ഫോണ്ട് ഉപയോഗിച്ച് ആളുകള്‍ക്ക് ഇനി എഴുതാം, മെസേജ് അയക്കാം. ഞാന്‍ ഈ ലോകത്തില്‍ നിന്നും പോയാലും, പോകേണ്ടി വരുമല്ലോ, എന്റെ കയ്യക്ഷരം ഇവിടെ കാണും. കയ്യക്ഷരമെങ്കിലും വെച്ചിട്ട് പോണമെന്ന് പറയുമല്ലോ. അത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഞാന്‍,’ മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസ്, പ്രിയദര്‍ശന്റെ ഓളവും തീരവും, നെല്‍സണ്‍ ദിലീപ് കുമാറിന്റെ തമിഴ് ചിത്രം ജയ്‌ലര്‍ എന്നിവയാണ് പ്രേക്ഷകര്‍ പ്രതീക്ഷ വെക്കുന്ന ചിത്രങ്ങള്‍.

മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വീഡിയോ ശ്രദ്ധ നേടിയിരുന്നു.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: mohanlal talk about a10 font

We use cookies to give you the best possible experience. Learn more