മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ചർച്ചയായ ചിത്രമാണ് വാലിബൻ.
സിനിമയുടെ ഴോണറിനെ കുറിച്ചോ കഥയെ കുറിച്ചോയൊന്നും ഒരു സൂചനയും ഇത് വരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം ഇറങ്ങാൻ അഞ്ചു ദിവസം ബാക്കിയുള്ളപ്പോഴും റെക്കോഡ് ബുക്കിങാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഷിബു ബേബി ജോൺ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൂടി വലിബനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഏറെ പ്രതികൂലമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു എന്ന് ഷിബു നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ താൻ ആദ്യമായി ചെയ്യാനിരുന്ന സിനിമ വാലിബനല്ല മറ്റൊന്നായിരുന്നു എന്നാണ് ഷിബു പറയുന്നത്. ഒരു ടണലിൽ കുടുങ്ങി പോയി രക്ഷപ്പെടുന്ന ഒരാളുടെ കഥയാണ് അതെന്നും ചില സാങ്കേതിക കാരണങ്ങളാൽ സിനിമ പ്രഖ്യാപിച്ചെങ്കിലും നടക്കാതെ പോവുകയായിരുന്നുവെന്നും ഷിബു ബേബി ജോൺ കാൻ ചാനൽ മീഡിയയോട് പറഞ്ഞു.
‘ടണലിൽ കുടുങ്ങി രക്ഷപെടുന്ന ഒരു കഥ, അങ്ങനെയൊരു സിനിമയുടെ പ്ലാൻ ഉണ്ടായിരുന്നു. അത് അനൗൺസ് ചെയ്യുകയും ചെയ്തു. എന്നാൽ ഒരു ചെറിയ സാങ്കേതിക തടസ്സം വന്നപ്പോൾ അത് മാറ്റാം എന്ന് തീരുമാനിക്കുകയായിരുന്നു,’ഷിബു ബേബി പറഞ്ഞു.
ആ ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നെങ്കിൽ വാലിബിനെക്കാൾ ചിലവ് കൂടിയേനെ എന്ന് മോഹൻലാലും പറഞ്ഞു. ഒരുപക്ഷേ അത് ഭാവിയിൽ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമുക്ക് കേരളത്തിൽ അത്തരത്തിൽ ഉള്ള സൗകര്യങ്ങൾ ഒന്നുമില്ല. അത് ഷൂട്ട് ചെയ്യാൻ ഒരുപാട് സമയം ആവശ്യമായിരുന്നു. ടെക്നിക്കൽ കാര്യങ്ങൾ ആണെങ്കിലും എല്ലാ കാര്യത്തിലാണെങ്കിലും ഒരു പക്ഷെ മലൈക്കോട്ടൈ വാലിബനേക്കാൾ ചിലവുള്ള ചിത്രമായി അത് മാറിയേനെ. അത് ചിലപ്പോൾ ഭാവിയിൽ നടക്കാം നടക്കാതിരിക്കാം, അങ്ങനെയേ പറയാൻ പറ്റുള്ളൂ,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About A Dropped Project With Shibu Baby Jhon