Entertainment
നമുക്കെന്നും സിനിമയോടൊപ്പം നിൽക്കാം; വിവാദങ്ങൾക്കിടയിൽ ആന്റണിക്ക് പിന്തുണയുമായി മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 02:45 pm
Friday, 14th February 2025, 8:15 pm

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹൻലാൽ. നിർമാതാവ് സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് ഒരു തരത്തിലും ഗുണമാവുന്ന തരത്തിലുള്ള കാര്യങ്ങളല്ല സുരേഷ് കുമാർ പൊതുവേദിയിൽ പറഞ്ഞതെന്ന് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചിരുന്നു. പിന്നാലെ ആന്റണിയെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജ്, അജു വർഗീസ് തുടങ്ങിയ താരങ്ങളും മുന്നോട്ട് വന്നിരുന്നു.

എന്നാൽ സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരെ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷനും ഇന്ന് മുന്നോട്ട് വന്നിരുന്നു. ജൂൺ ഒന്നു മുതൽ അ‌നിശ്ചിതകാല സമരം നടത്തുമെന്നത് സംഘടനയുടെ ഔദ്യോഗിക തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ ആന്റണിക്ക് പിന്തുണയുമായി മോഹൻലാൽ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

‘നമുക്കെന്നും സിനിമയോടൊപ്പം നിൽക്കാം’ എന്ന ക്യാപ്ഷ്യനോടെയാണ് മോഹൻലാൽ ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തത്. വരാനിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ബജറ്റിനെ കുറിച്ചെല്ലാം സുരേഷ്‌കുമാർ വാർത്ത സമ്മേളനത്തിൽ തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇറങ്ങാനിരിക്കുന്ന തന്റെ സിനിമയായ എമ്പുരാന്റെ ചിലവിനെ കുറിച്ച് എങ്ങനെയാണ് സുരേഷ്‌കുമാർ ആധികാരികമായി പറയുകയെന്നും ഇത്തരത്തിൽ ബാലിശയമായി പെരുമാറുമ്പോൾ സുരേഷ് കുമാറിന് എന്താണ് പറ്റിയതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ജനുവരിയിലെ കണക്കുകൾ മാത്രം നിരത്തി മലയാള സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ മലയാള സിനിമയുടെ നേട്ടങ്ങളെ കുറിച്ച് എങ്ങനെ മറക്കാൻ കഴിയുമെന്നും ആന്റണി തന്റെ പോസ്റ്റിൽ ചോദിച്ചിരുന്നു.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ വെറും നുണക്കഥകളായെന്നും ജി.സുരേഷ് കുമാർ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. താരങ്ങൾ അവരുടെ പ്രതിഫലം കുറയ്‌ക്കണമെന്നും ജൂൺ മുതൽ തിയേറ്റർ അടച്ചിടാനാണ് നിർമാതാക്കളുടെ സംഘടന തീരുമാനിക്കുന്നതെന്നുമായിരുന്നു സുരേഷ് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്.

ഇന്നലെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വന്നതിന് ശേഷം നാടകീയമായ സംഭവങ്ങളാണ് സിനിമ മേഖലയിൽ നടക്കുന്നത്. മോഹൻലാലിൻറെ അടുത്ത സുഹൃത്തു കൂടിയായ സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ പ്രതികരിക്കുമ്പോൾ എന്തായിരിക്കും മോഹൻലാലിന്റെ നിലപാട് എന്നായിരുന്നു ഉയർന്ന് കേട്ട ചോദ്യം. വിവാദങ്ങൾക്കിടയിലാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 

Content Highlight: Mohanlal supports Antony Perumbavoor’s Facebook Post