| Monday, 14th October 2019, 1:21 pm

'എന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു'; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിനു മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്നു കാണിച്ച് കഴിഞ്ഞമാസമാണ് പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യ വനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സത്യവാങ്മൂലത്തില്‍ പറയുന്നതിങ്ങനെ- ‘ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് എനിക്ക് അനുമതിയുണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ടുതന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമതടസ്സമില്ല.

ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കെതിരെ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ല. ഈയൊരു സംഭവത്തിലൂടെ പൊതുജന മധ്യത്തില്‍ എന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2012-ലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ മുന്‍പ് മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിനു ശേഷമാണ് വനംവകുപ്പ് നിലപാട് മാറ്റി കേസില്‍ മോഹന്‍ലാലിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more