| Saturday, 31st August 2024, 2:58 pm

കേരളം ക്രിക്കറ്റ് പൂരത്തിന് ഒരുങ്ങിക്കഴിഞ്ഞു; കെ.സി.എല്‍ ഒഫീഷ്യല്‍ ലോഞ്ചില്‍ സംസാരിച്ച് മോഹന്‍ലാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഓരോ ദിവസവും പകലും രാത്രിയും രണ്ട് മത്സരങ്ങളാണ് നടക്കുക. ഇന്ന് നടന്ന കേരള ക്രിക്കറ്റ് ലീഗ് ഒഫീഷ്യല്‍ ലോഞ്ചിങ്ങില്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്തിരുന്നു.

‘ക്രിക്കറ്റ് വെറുമൊരു കായിക വിനോദത്തിനപ്പുറം ലോകമെമ്പാടുമുള്ള ഒരു വികാരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഫുട്‌ബോളിനും ക്രിക്കറ്റിനും വലിയ ആരാധകരാണുള്ളത്. ക്രിക്കറ്റ് ലോകകപ്പിലെ മലയാളി സാനിധ്യം 1983 മുതല്‍ ലോഡ്‌സില്‍ തുടങ്ങിയതാണ്. കപില്‍ദേവിന്റെ സ്‌ക്വാഡിലെ സുനില്‍ വത്സന്‍ മുതല്‍ പിന്നീട് 2007ല്‍ ശ്രീശാന്തും ഇപ്പോള്‍ സഞ്ജു സാംസണും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞു.

സുനില്‍ കണ്ണൂരുകാരനായിരുന്നെങ്കില്‍ ശ്രീശാന്ത് എര്‍ണാകുളവും സഞ്ജു തിരുവന്തപുരവുമായിരുന്നു. കേരളത്തിന്‍രെ തെക്ക് മുതല്‍ വടക്ക് വരെ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി. അതിന്റെ അര്‍ത്ഥം ഇന്ത്യന്‍ ടീമില്‍ മലയാളികളുടെ സാനിധ്യം ഉണ്ടാകുമെന്നത് തന്നെയാണ്. അതിന് ശക്തമായ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കേരള ക്രിക്കറ്റ് ലീഗ്.

കളിക്കാര്‍ക്ക് വേണ്ടി നടന്ന വാശിയേറിയ ലേലത്തില്‍ 170 കളിക്കാരില്‍ നിന്നാണ് ആറ് ടീമുകള്‍ തങ്ങളുടെ കളിക്കാരെ സ്വന്തമാക്കിയത്. ബേസ് പ്രൈസില്‍ നിന്ന് ഒമ്പത് ഇരട്ടിവരെ തുക നല്‍കി ജൂനിയറായ കളിക്കാരെപോലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കുന്ന ക്രിക്കറ്റ് ജീവവായുവായി കൊണ്ടുനടക്കുന്ന പുതു തലമുറയ്ക്ക് മികച്ച പരിശീലകരും കേരളത്തിലുടനീളമുള്ള ഗ്രൗണ്ടുകളും വലിയ അവസരമാണ് തുറക്കുന്നത്.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ മൂന്ന് താരങ്ങളാണ് ഇടം നേടിയത്. ആശ ശേഭന, മിന്നു മണി, സജന സജീവന്‍ എന്നിവരെ ടീമിലെത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഈ കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയട്ടെ. അതിന് കേരള ക്രിക്കറ്റ് ലീഗ് ഒരു തുടക്കമാകട്ടെ,’ മോഹന്‍ ലാല്‍ പറഞ്ഞു.

രോഹന്‍ എസ്. കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സിന്റെയും പി.എ. അബ്ദുല്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി കൊല്ലം സെയിലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.

Content Highlight: Mohanlal speaking at the official launch of KCL

We use cookies to give you the best possible experience. Learn more