Entertainment
വെറും 400 പേരുള്ള 'ചെറിയ' യൂണിറ്റിനെ ആ സംവിധായകന്‍ എങ്ങനെയാണ് നിയന്ത്രിച്ചതെന്ന് എനിക്ക് അറിയില്ല: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 03:30 pm
Monday, 27th January 2025, 9:00 pm

മലയാളികള്‍ എല്ലാകാലവും ആഘോഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ ലൂസിഫറിലൂടെ പൃഥ്വിക്ക് സാധിച്ചിരുന്നു. കഴിഞ്ഞദിവസം എമ്പുരാന്റെ ആദ്യ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ലൂസിഫറിനെക്കാള്‍ ഇരട്ടി വലുപ്പത്തിലാണ് എമ്പുരാന്‍ ഒരുങ്ങുന്നതെന്ന് ഗ്ലിംപ്‌സിലൂടെ വ്യക്തമാണ്. ആറ് രാജ്യങ്ങളിലായി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. താരസാന്നിധ്യത്തില്‍ നടന്ന ടീസര്‍ ലോഞ്ചില്‍ മോഹന്‍ലാല്‍ എമ്പുരാനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ചിത്രത്തിനായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പല ലൊക്കേഷനുകളിലും കാലാവസ്ഥ തങ്ങള്‍ക്ക് പലപ്പോഴും അനുകൂലമായി വന്നില്ലെന്നും ആ കാരണം കൊണ്ട് ഷൂട്ട് പലപ്പോഴും നീണ്ടുപോയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ആ ദിവസങ്ങളിലൊക്കെ യൂണിറ്റിലുള്ള എല്ലാവരും വെറുതേയിരിക്കുകയായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

വളരെ ചെറിയൊരു യൂണിറ്റായിരുന്നു അതെന്നും വെറും 400 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനെ പൃഥ്വിരാജ് എന്ന സംവിധായകന്‍ ഹാന്‍ഡില്‍ ചെയ്തത് എങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നും തമാശരൂപത്തില്‍ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് ചെയ്ത ചെറിയൊരു സിനിമയാണ് എമ്പുരാനെന്നും അയാള്‍ ചെയ്യുന്ന വലിയ സിനിമ എങ്ങനെയാണെന്ന് തനിക്ക് അറിയണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ പ്രൊജക്ടില്‍ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘എമ്പുരാന്‍ എന്ന സിനിമ വലിയൊരു സ്‌കെയിലിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളസിനിമ അതിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുന്ന സമയമാണിത്. അതില്‍ എമ്പുരാനും ചെറിയൊരു ഭാഗമാണ്. ഈ സിനിമക്കായി ആന്റണി പെരുമ്പാവൂര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പല ലൊക്കേഷനുകളിലായാണ് ഇതിന്റെ ഷൂട്ട് നടന്നത്.

അവിടെയെല്ലാം കാലാവസ്ഥ പലപ്പോഴും ഞങ്ങള്‍ക്ക് അനുകൂലമല്ലാത്ത അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ആ സമയത്തൊക്കെ ഷൂട്ട് ഇല്ല എന്ന് പറയുന്നത് വലിയ കഷ്ടമാണ്. പ്രത്യേകിച്ച് ഗുജറാത്തിലൊക്കെ കാലാവസ്ഥ വലിയ വെല്ലുവിളിയായിരുന്നു. അവിടെ വളരെ ചെറിയൊരു യൂണിറ്റായിരുന്നു. വെറും 400 പേരൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ (ചിരിക്കുന്നു).

അത്രയും ചെറിയ യൂണിറ്റിനെ പൃഥ്വി എങ്ങനെ മാനേജ് ചെയ്‌തെന്ന് എനിക്ക് അറിയില്ല. അയാള്‍ക്ക് എമ്പുരാന്‍ ചെറിയൊരു സിനിമയാണ്. രാജുവിന്റെ മനസിലെ വലിയ സിനിമ എങ്ങനെയായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്. അതില്‍ ഭാഗമാകണമെന്ന് ചെറിയ ആഗ്രഹവും എനിക്ക് ഉണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal shares the shooting experience of Empuran movie and Prithviraj’s direction