| Sunday, 20th October 2024, 8:51 pm

ആ നാടകം അവതരിപ്പിക്കുന്നതിനിടയില്‍ ഡയലോഗ് മറന്ന് ബ്ലാക്ക് ഔട്ടായി നിന്നുപോയി: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ നെടുന്തൂണെന്ന് വിളിക്കാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായിട്ടാണ് മോഹന്‍ലാല്‍ മലയാളസിനിമയിലേക്ക് വരവറിയിച്ചത്. പിന്നീട് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറിയ മോഹന്‍ലാല്‍ ഇക്കാലയളവില്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ പലപ്പോഴും മോഹന്‍ലാല്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത കര്‍ണഭാരം എന്ന സംസ്‌കൃതനാടകം മോഹന്‍ലാല്‍ അവതരിപ്പിച്ചത് വലിയ വാര്‍ത്തിയായിരുന്നു.

പൂര്‍ണമായും സംസ്‌കൃതത്തിലുള്ള നാടകം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. നാടകത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ ഡയലോഗ് മറന്നു നിന്നുപോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇന്ദ്രന്‍ കര്‍ണന്റെയടുത്ത് വന്ന് സംസാരിക്കുന്ന രംഗത്തില്‍ താന്‍ ഡയലോഗ് പറഞ്ഞു പോകുന്നതിനിടയില്‍ കുറച്ചു സമയം സൈലന്റായി നില്‍ക്കുന്ന ഭാഗമുണ്ടെന്നും അതിന് ശേഷം പറയേണ്ട ഡയലോഗ് മറന്നുപോയി ബ്ലാക്ക് ഔട്ടായി നിന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃതനാടകമായതിനാല്‍ തമിഴോ ഇംഗ്ലീഷോ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും എന്തോ ഭാഗ്യത്തിന് അത് തെറ്റില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേ വേദിയില്‍ ഒരിക്കല്‍ കൂടി ആ നാടകം അവതരിപ്പിച്ചെന്നും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കര്‍ണഭാരം എന്ന നാടകം ദല്‍ഹിയില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നാടകത്തിന്റെ ഇടയില്‍ ഡയലോഗ് മറന്നുപോയ അവസ്ഥ ഉണ്ടായിട്ടുണ്ട്. കാവാലം സാറാണ് ആ നാടകം ഒരുക്കിയത്. ആ നടകത്തില്‍ ഇന്ദ്രന്റെ കഥാപാത്രത്തോട് സംസാരിക്കുന്നതിന്റെ ഇടയില്‍ കുറച്ചുനേരം സൈലന്റായി ഇരിക്കുന്ന ഒരു ഭാഗമുണ്ട്. അതിന് ശേഷം പറയേണ്ടത് എന്താണെന്ന് അറിയാതെ ഞാന്‍ ബ്ലാക്ക് ഔട്ടായി നിന്നുപോയി.

സംസ്‌കൃതനാടകമാണ്, അത് കാണാന്‍ വിശിഷ്ടരായ ഒരുപാട് ആളുകള്‍ വന്നിട്ടുണ്ട്. സംസ്‌കൃതമായതുകൊണ്ട് ഇംഗ്ലീഷോ തമിഴോ സംസാരിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. എന്തോ, ദൈവഭാഗ്യം നല്ലവണ്ണം ഉള്ളതുകൊണ്ട് അത് എങ്ങനെയോ പൂര്‍ത്തിയാക്കി. പിന്നീട് അതേ വേദിയില്‍ ഒരിക്കല്‍ കൂടി ആ നാടകം കളിക്കാന്‍ പറ്റി. എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല അതൊന്നും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal shares the experience of Sanskrit play he performed

We use cookies to give you the best possible experience. Learn more