മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ എം.ടിക്ക് മലയാളസിനിമ നല്‍കുന്ന ആദരവാണ് മനോരഥങ്ങള്‍ എന്ന വെബ് സീരീസ്. എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി സീരീസാണ് ഇത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സിദ്ദിഖ്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിര മനോരഥങ്ങളുടെ ഭാഗമാകുന്നുണ്ട്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന എപ്പിസോഡില്‍ മോഹന്‍ലാലാണ് നായകന്‍. എം.ടിയുടെ ഇതേ പേരിലുള്ള കഥ 50 വര്‍ഷം മുമ്പ് സിനിമാരൂപത്തില്‍ പുറത്തുവന്നിരുന്നു. പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത സിനമയില്‍ മധുവായിരുന്നു നായകനായ ബാപ്പൂട്ടിയെ അവതരിപ്പിച്ചത്. പുതിയ കാലത്തെ ഓളവും തീരവും മധുവിനെ കാണിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മോഹന്‍ലാല്‍.
എം.ടി എന്ന അതുല്യനായ എഴുത്തുകാരനോടുള്ള തന്റെ ഗുരുദക്ഷിണയാണ് മനോരഥങ്ങളെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഓളവും തീരവും ഷൂട്ട് തീര്‍ത്ത ശേഷം താനും പ്രിയദര്‍ശനും അത് മധുവിനെ കാണിച്ചുവെന്നും അദ്ദേഹത്തിന് അത് കണ്ട് സന്തോഷമായെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ഈ കാലത്തും ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുത്തതെന്ന് മധു ചോദിച്ചുവെന്നും പഴമ നിലനിര്‍ത്താന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് തങ്ങള്‍ മറുപടി നല്‍കിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങളുടെ ലോഞ്ച് ഇവന്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഓളവും തീരവും എന്ന എപ്പിസോഡ് എന്നെ സംബന്ധിച്ച് വളരെയധികം പ്രിയപ്പെട്ടതാണ്. എന്റെ ഏറ്റവുമടുത്ത സുഹൃത്തായ പ്രിയദര്‍ശനാണ് മനോരഥങ്ങള്‍ക്ക് വേണ്ടി ഓളവും തീരവും സംവിധാനം ചെയ്തത്. സന്തോഷ് ശിവനാണ് അതിന്റെ ഛായാഗ്രഹണം. ഞാന്‍ ഗുരുതുല്യനായി കാണുന്ന എം.ടി സാറിനുള്ള എന്റെ ഗുരുദക്ഷിണയാണ് മനോരഥങ്ങളിലെ എന്റെ എപ്പിസോഡ്.
ഓളവും തീരവും റിലീസ് ചെയ്യുന്നതിന് മുന്നേ ഞങ്ങള്‍ ഇത് മധു സാറിനെ കാണിച്ചിരുന്നു. അദ്ദേഹത്തിന് ഇത് കണ്ട് വളരെ സന്തോഷമായി. ‘ടെക്‌നോളജി ഇത്രയും വളര്‍ന്നിട്ടും എന്തിനാണ് ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തത്’ എന്ന് അദ്ദേഹം ചോദിച്ചു. പഴമയുടെ ഭംഗി നിലനിര്‍ത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നെ സംബന്ധിച്ച് മനോരഥങ്ങളും ഓളവും തീരവും വളരെ സ്‌പെഷ്യലാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal shares the comment of Madhu after watching Olavum Theeravum in Manorathangal