| Tuesday, 24th December 2024, 1:43 pm

എന്റെ അച്ഛന്‍ എന്നോട് പറഞ്ഞ അതേ കാര്യം തന്നെയാണ് ഞാന്‍ പ്രണവിനോടും പറഞ്ഞത്, ഒന്നിനും ഞാന്‍ നിര്‍ബന്ധിക്കാറില്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമക്ക് പുറത്ത് അധികം ആളുകള്‍ക്ക് പിടിതരാത്ത നടനാണ് പ്രണവ് മോഹന്‍ലാല്‍. താന്‍ അഭിനയിച്ച സിനിമകളുടെ പ്രൊമോഷനോ മറ്റ് ചടങ്ങുകള്‍ക്കോ പ്രണവിനെ ആരും അധികം കാണാറില്ല. ഷൂട്ടില്ലാത്ത സമയത്ത് യാത്രകളുമായി നടക്കാനാണ് പ്രണവിന് ഇഷ്ടം. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്നുള്ള ചിന്തകളൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ നടക്കുന്ന പ്രണവിന്റെ ഓഫ്‌ലൈന്‍ ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രണവ് സജീവമല്ല.

പ്രണവ് അയാള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ ജീവിക്കുകയാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. താന്‍ പ്രണവിനെ ഒരു കാര്യത്തിനും നിര്‍ബന്ധക്കാറില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ അച്ഛന്‍ തന്നോട് പറഞ്ഞത് ഒരു ഡിഗ്രി നേടിയതിന് ശേഷം ഇഷ്ടമുള്ള കാര്യത്തിന് പോകാനാണെന്നും അതേ കാര്യമാണ് താന്‍ പ്രണവിനോട് പറഞ്ഞിട്ടുള്ളതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഡിഗ്രി നേടിയ ശേഷം പ്രണവ് തന്റെ പാഷന് പിന്നാലെ പോയെന്നും വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മാത്രം ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയില്ലാത്ത സമയത്ത് യാത്രകള്‍ ചെയ്ത് അതിലൂടെ പുതിയ അനുഭവം നേടുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ആളാണ് പ്രണവെന്നും എന്നാലും വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ പ്രണവിന് താത്പര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ ചോയ്‌സിനനുസരിച്ച് ജീവിക്കുന്ന ആളാണ് പ്രണവെന്നും അയാളുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വീട്ടില്‍ ആരും ആരെയും ഒരു കാര്യത്തിനും നിര്‍ബന്ധിക്കാറില്ലെന്നും ഓരോരുത്തരുടെയും ചോയ്‌സിനെ മാനിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ആളാണ് പ്രണവ്. പക്ഷേ, അയാളെ ഒരു കാര്യത്തിനും ഞാന്‍ ഇതുവരെ നിര്‍ബന്ധിച്ചിട്ടില്ല. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്ത് ബാക്കി സമയം യാത്രകളും മറ്റ് കാര്യങ്ങളുമായി നടക്കുകയാണ് അയാള്‍. എന്റെ അച്ഛന്‍ എന്നോട് പറഞ്ഞ അതേ കാര്യം തന്നെയാണ് ഞാന്‍ പ്രണവിനോടും പറഞ്ഞിട്ടുള്ളത്.

‘ഡിഗ്രി ഫിനിഷ് ചെയ്ത ശേഷം ഇഷ്ടമുള്ളത് ഏത് മേഖലയാണെങ്കിലും അതിലേക്ക് പൊയ്‌ക്കോളൂ’ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ സിനിമകള്‍ ചെയ്യുന്നതുപോലെ അയാള്‍ യാത്രകള്‍ ചെയ്യുന്നു. അയാളുടെ ജീവിതം അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നു. അതെല്ലാം പ്രണവിന്റെ ചോയ്‌സാണ്. യാത്രകളിലൂടെ പുതിയ അനുഭവങ്ങള്‍ കിട്ടുന്നുണ്ട്. അതാണ് അയാളുടെ പാഷന്‍. ഞങ്ങളുടെ വീട്ടില്‍ ആരെയും ഒരുകാര്യത്തിനും നിര്‍ബന്ധിക്കാറില്ല,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal shares the advice he gave to Pranav Mohanlal

We use cookies to give you the best possible experience. Learn more