കൊച്ചി: മലയാളികള്‍ നെഞ്ചിലേറ്റിയ മോഹന്‍ലാല്‍ ചിത്രമാണ് ആറാം തമ്പുരാന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മോഹന്‍ലാല്‍. ലാലിസം എന്ന പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.
സാധാരണയുള്ള മാനറിസങ്ങള്‍ വരെ ചിത്രത്തില്‍ ഉപയോഗിക്കുന്നയാളാണ് ഷാജി കൈലാസ് എന്നും മറ്റൊരു സംവിധായകനിലും ഈ പ്രത്യേകത കണ്ടിട്ടില്ലെന്നും പറയുകയാണ് മോഹന്‍ലാല്‍.
‘ഷാജി കൈലാസ് ഒരു അദ്ഭുത മനുഷ്യനാണ്. നമ്മള്‍ വെറുതേ ഇരുന്ന് ചെയ്യുന്ന ആക്ഷന്‍സ് വരെ സീനില്‍ ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കും. അതുകൊണ്ടാണ് ആ സിനിമയ്ക്ക് വലിയൊരു മാജിക്ക് ഉണ്ടാകുന്നത്.
ചിലപ്പോള്‍ നമ്മള്‍ ഇരുന്ന് കാല്‍ അനക്കുന്നതാണെങ്കില്‍ പുള്ളി അത് ശ്രദ്ധിച്ചിട്ട് ഏതെങ്കിലും ഒരു സീനില്‍ കാലനക്കുന്നത് പോലെ കാണിക്കും. നമ്മള്‍ എപ്പഴോ അറിയാതെ ചെയ്ത മാനറിസങ്ങളാണ് ആ സിനിമയില്‍ കാണുന്നത്.
എനിക്ക് തോന്നുന്നു മലയാളത്തില്‍ അത്തരത്തിലൊരു നിരീക്ഷണമുള്ള സംവിധായകനാണ് ഷാജി കൈലാസ്. വേറെ ആരിലും ഇങ്ങനെയൊരു സ്വഭാവം കണ്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് അത്തരമൊരു ഭംഗി ഉണ്ടാകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം 1997ലാണ് പുറത്തിറങ്ങിയത്.
രഞ്ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയത് രവീന്ദ്രനാണ്.