ഭാവിയില്‍ സിനിമയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അങ്ങനെയൊരു കാര്യം ചെയ്താല്‍ കൊള്ളാമെന്നുണ്ട്: മോഹന്‍ലാല്‍
Entertainment
ഭാവിയില്‍ സിനിമയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അങ്ങനെയൊരു കാര്യം ചെയ്താല്‍ കൊള്ളാമെന്നുണ്ട്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th September 2024, 3:46 pm

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മോഹന്‍ലാല്‍ രണ്ടുതവണ ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.

അഭിനയത്തിന് പുറമെ ചെറിയ കാര്യങ്ങളിലൂടെ സന്തോഷം കണ്ടെത്തുന്ന മോഹന്‍ലാലിന്റെ സ്വഭാവം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. പെയിന്റിങ്ങുകളുടെ കളക്ഷനും, പാട്ടു പാടലുമൊക്കെ മോഹന്‍ലാലിന്റെ ചെറിയ ഇഷ്ടങ്ങളില്‍ പെടുന്നവയാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പല പെയിന്റിങ്ങുകളുടെയും ഒറിജിനല്‍ മോഹന്‍ലാലിന്റെ പക്കലുണ്ട്.

സ്വന്തമായി ഒരു സിനിമാ മ്യൂസിയം തുടങ്ങണമെന്ന ആഗ്രഹം പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സ്വന്തമായി പലതും ശേഖരിച്ച് വെക്കാറുണ്ടെന്നും അതില്‍ നിന്ന് തനിക്ക് സന്തോഷം ലഭിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാളസിനിമയുടെ വളര്‍ച്ചകള്‍ അടയാളപ്പെടുത്തുന്ന ഒരു മ്യൂസിയം തുടങ്ങണമെന്നും അത് വളരെക്കാലമായുള്ള സ്വപ്‌നമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഭാവിയില്‍ സിനിമയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്ന തലമുറക്ക് വേണ്ടിയാണ് അതെന്നും അവരുടെ മുന്നില്‍ ഇത്രയും പാരമ്പര്യമുള്ള ഒരു ഇന്‍ഡസ്ട്രിയുടെ യഥാര്‍ത്ഥ ചിത്രം ഉണ്ടാക്കാന്‍ വേണ്ടിയാണ് അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെയിന്റിങ് ഒന്നും ചെറുപ്പത്തില്‍ പഠിച്ചതല്ല, ഇടക്ക് അതൊക്കെ ചെയ്യുമ്പോള്‍ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടും. അതുപോലെ പാട്ടൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എന്റെ അമ്മ നന്നായി പാടുമായിരുന്നു. അങ്ങനെയാണ് ചെറുതായി പാടാന്‍ പറ്റുന്നത്. അതുപോലെ പല പെയിന്റിങ്ങുകളും കാണുമ്പോള്‍ വാങ്ങിക്കും. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സാറിന്റെ പല പെയിന്റിങ്ങുകളുടെയും ഒറിജിനല്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്. അതെല്ലാം പല സ്ഥലത്തായിട്ടാണ് ഉള്ളത്. എല്ലാം കൂടെ ഒരു സ്ഥലത്ത് എത്തിക്കണമെന്ന ആഗ്രഹമുണ്ട്.

പെയിന്റിങ് മാത്രമല്ല, വേറെ പല കളക്ഷനും ഉണ്ട്. എല്ലാം കൂടെ വെച്ചുകൊണ്ട് ഒരു മ്യൂസിയം തുടങ്ങണമെന്നുണ്ട്. അതിന്റെ പണിപ്പുരയിലാണ്. എനിക്ക് വേണ്ടിയല്ല അത് ചെയ്യുന്നത്. ഭാവിയില്‍ സിനിമയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്ന ഒരു തലമുറക്ക് വേണ്ടി, അവരുടെ മുന്നില്‍ ഇങ്ങനെയാണ് മലയാളസിനിമ വളര്‍ന്നതെന്ന് കാണിക്കാന്‍ വേണ്ടിയാണ് ആ മ്യൂസിയം. സിനിമാലോകത്തിന് വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്ന വലിയൊരു കാര്യമാണത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal shares his wish to start a Cinema Museum