|

മലൈക്കോട്ടൈ വാലിബന്‍ ഒരിക്കലും ഒരു മിസ്‌റ്റേക്കല്ല, ആ സിനിമക്ക് സംഭവിച്ചത് മറ്റൊന്നാണ്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലും ഓരോ സിനിമയും വ്യത്യസതമായ പരീക്ഷണമാക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പ് നേടിയിരുന്നു.

മാസ് സിനിമയെന്ന രീതിയില്‍ പ്രൊമോഷന്‍ നടത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം തിയേറ്ററില്‍ പരാജയമായി മാറി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരി തന്നോട് കഥ പറഞ്ഞപ്പോള്‍ അത് വളരെ മനോഹരമായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍ ഷൂട്ട് തുടങ്ങിയ ശേഷം കഥ വളരുകയും പല കാര്യങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു സിനിമയില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത കഥയായി മലൈക്കോട്ടൈ വാലിബന്‍ മാറിയെന്നും അങ്ങനെയാണ് രണ്ട് ഭാഗമാക്കേണ്ടി വന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അതിനെ ഒരിക്കലും ഒരു മിസ്‌റ്റേക്കായി തനിക്ക് കാണാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആ സിനിമയെക്കുറിച്ച് ലിജോയ്ക്ക് വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നെന്നും അതിനനുസരിച്ചാണ് അയാള്‍ ആ സിനിമ ചെയ്തതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ലിജോയുടേതായ പേസിലാണ് അയാള്‍ കഥ പറഞ്ഞതെന്നും ആ പേസിലേക്ക് പ്രേക്ഷകര്‍ക്ക് എത്താന്‍ സാധിച്ചില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘മലൈക്കോട്ടൈ വാലിബന്റെ കഥ ലിജോ എന്നോട് പറഞ്ഞപ്പോള്‍ അത് വളരെ മനോഹരമായി തോന്നി. എന്നാല്‍ ഷൂട്ട് തുടങ്ങിയതിന് ശേഷം പല മാറ്റങ്ങളും അതില്‍ വരുത്തി. പോകെപ്പോകെ ആ കഥയും സിനിമയും വലുതായി. ഒറ്റ പാര്‍ട്ട് മാത്രമായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ ആ കഥ ചെറിയ സമയത്തിനുള്ളില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ലെന്ന് മനസിലായതോടെ രണ്ട് പാര്‍ട്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനെ ഒരിക്കലും ഒരു മിസ്റ്റേക്കായി ഞാന്‍ കാണുന്നില്ല. ലിജോ അയാളുടേതായിട്ടുള്ള രീതിയില്‍ ചെയ്ത സിനിമയാണ്. ആ കഥയുടെ പേസും മേക്കിങ്ങുമെല്ലാം വ്യത്യസ്തമാണ്. എന്നാല്‍ ആ പേസിലേക്ക് എത്താന്‍ പ്രേക്ഷകര്‍ക്ക് സാധിക്കാതെ വന്നതാണ് അതിന്റെ പരാജയത്തിന് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal shares his view on Malaikkottai Valiban’s failure