| Saturday, 7th September 2024, 3:22 pm

ഓണത്തിനെപ്പറ്റിയുള്ള ഓര്‍മകള്‍ നമുക്ക് മാത്രമേയുള്ളൂ, പ്രണവിന് അങ്ങനെയൊന്നുമില്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. നാലരപ്പതിറ്റാണ്ടായി ഓരോ സിനിമകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ഓളം സിനിമകള്‍ ചെയ്ത മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. അഭിനയജീവിതം 45ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ബാറോസിലൂടെ ആദ്യമായി സംവിധായക കുപ്പായമണിയാനൊരുങ്ങുകയാണ് താരം.

ഓണത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. ഓണം എന്നത് കുട്ടിക്കാലത്തെ ഓര്‍മകളില്‍ മധുരമൂറുന്ന ഓന്നാണെന്നും ഓണക്കോടിയും തറവാട്ടിലെ ഓണസദ്യയുമെല്ലാം ഇന്നും മനസിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ മക്കളായ പ്രണവിനും വിസ്മയക്കും ഓണത്തെക്കുറിച്ച് അധികം ഓര്‍മകളില്ലെന്നും അവരുടെ കുട്ടിക്കാലത്ത് ഓണമാഘോഷിക്കാന്‍ പറ്റാറില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് പേരും ഊട്ടിയിലെ ഹെബ്രോണ്‍സ് എന്ന സ്‌കൂളിലാണ് പഠിച്ചതെന്നും ഓണത്തിന് ആ സ്‌കൂളില്‍ നിന്ന് ലീവ് കിട്ടാത്തതുകൊണ്ട് ഓണാഘോഷം എന്നത് അവര്‍ക്ക് പരിചയമില്ലാത്ത ഒന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവര്‍ രണ്ടുപേരും ഈ ഓണത്തിന് വിദേശത്താണെന്നും അവരെ വിളിച്ചുവരുത്തുന്നില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘കുട്ടിക്കാലത്തെ ഏറ്റവും മധുരമുള്ള ഓര്‍മകളിലൊന്നാണ് ഓണം. തറവാട്ടില്‍ അച്ചനും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമൊക്കെയായി വലിയ ആഘോഷമായിരുന്നു. തറവാട്ടില്‍ ഓണസദ്യ കഴിച്ചും, ഓണക്കോടി വാങ്ങിയുമൊക്കെ നല്ല രീതിയില്‍ ആഘോഷിച്ചിട്ടുണ്ടായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ പുഴയില്‍ നീന്താന്‍ പോകുന്നതും ചേട്ടന്മാരുമൊത്തുള്ള കളികളുമൊക്കെയായി നല്ല ഓര്‍മകളാണ് അതൊക്കെ.

പ്ലസ് ടു കഴിഞ്ഞതിന് ശേഷം പിന്നീട് തറവാട്ടിലേക്ക് അധികം പോയില്ല. പിന്നീട് സിനിമയുടെ കാര്യങ്ങള്‍ക്ക് വേണ്ടി മദ്രാസിലെത്തിയതോടെ തറവാടുമായുള്ള ബന്ധവും ഇല്ലാതായി. രണ്ട് മക്കളും ഈ ഓണത്തിന് വിദേശത്താണ്. പ്രണവ് ജര്‍മനിയിലും, വിസ്മയ തായ്‌ലന്‍ഡിലും. ഓണത്തിന് വേണ്ടി അവരെ വിളിച്ചുവരുത്താന്‍ തോന്നിയിട്ടില്ല.

കാരണം, അവര്‍ക്ക് ഓണത്തെപ്പറ്റി ഓര്‍മകളൊന്നുമില്ല. രണ്ടുപേരും ഊട്ടിയിലെ ഹെബ്രോണ്‍സ് എന്ന സ്‌കൂളില്‍ നിന്നാണ് പഠിച്ചത്. ഓണത്തിന്റെ സമയത്ത് ലീവൊന്നും കിട്ടില്ലായിരുന്നു. അതുകൊണ്ട് ഓണത്തിന്റെ ആഘോഷമൊക്കെ അവര്‍ക്ക് അന്യമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal shares his memories of Onam

Latest Stories

We use cookies to give you the best possible experience. Learn more