| Saturday, 13th January 2024, 5:53 pm

വാലിബൻ ചലഞ്ചുമായി ലാലേട്ടൻ; താരത്തിന്റെ വീഡിയോ വൈറൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിനെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ‘ഇനി കാണപ്പോകത് നിജം’ എന്ന ബി.ജിഎമ്മിലാണ് മോഹൻലാൽ വാലിബൻ ചലഞ്ചുമായി വീഡിയോയിൽ എത്തുന്നത്.

മോഹൻലാൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ പോകുന്ന രംഗങ്ങളാണ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഞാനിതിനെ വാലിബൻ ചലഞ്ച് എന്ന് വിളിക്കുന്നു എന്ന ക്യാപ്ഷനോട് കൂടി മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

നിമിഷ നേരംകൊണ്ട് നിരവധി ആളുകളാണ് വീഡിയോ ഏറ്റെടുത്തിട്ടുള്ളത്. മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനമാകും മലൈക്കോട്ടൈ വാലിബനിൽ എന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നതെന്ന് വീഡിയോയുടെ കമന്റിലൂടെ മനസിലാകുന്നത്. ജനുവരി 25ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.

Content Highlight: Mohanlal shared a video with valiban challenge

Latest Stories

We use cookies to give you the best possible experience. Learn more