| Wednesday, 13th July 2022, 2:48 pm

'പ്രേം കുമാറിന്റെ പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തു'; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേം കുമാറിന്റെ പുസ്തകം മമ്മൂട്ടിയോടൊപ്പം പ്രകാശനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. പ്രേംകുമാര്‍ രചിച്ച ദൈവത്തിന്റെ അവകാശികള്‍ എന്ന പുസ്തകമാണ് അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രസിദ്ധീകരിച്ചത്.

‘പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിന്റെ അവകാശികള്‍ ‘ എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.

ജനറല്‍ ബോഡി യോഗത്തില്‍ ലൈംഗിക പീഡന കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്തത് വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അതേസമയം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി അമ്മ യോഗത്തിലേക്ക് എത്തിയതും ശ്രദ്ധ നേടിയിരുന്നു. യോഗത്തില്‍ വെച്ച് സുരേഷ് ഗോപിയുടെ പിറന്നാളും താരങ്ങള്‍ ആഘോഷിച്ചിരുന്നു.

12ത്ത് മാനാണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നു മോഹന്‍ലാല്‍ ചിത്രം.

നിസാം ബഷീറിന്റെ സംവിധാനത്തിലെത്തുന്ന റൊഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി അണിയറയിലൊരുങ്ങുന്നത്.

Content Highlight: Mohanlal shared a picture of Prem Kumar’s book release with Mammootty

We use cookies to give you the best possible experience. Learn more