ഇച്ചാക്കക്കൊപ്പം; 'കേരളീയ'ത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ
Entertainment news
ഇച്ചാക്കക്കൊപ്പം; 'കേരളീയ'ത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st November 2023, 6:05 pm

മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ. ‘ഇച്ചാക്കക്കൊപ്പം’ എന്ന ക്യാപ്ഷനോട് കൂടിയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയിൽ വെച്ചുള്ള ചിത്രമാണത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.


കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചു. വേദിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. മോഹൻലാൽ, മമ്മൂട്ടി , ശോഭന, കമൽ ഹസൻ തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

വേദിയിൽ മമ്മൂട്ടിയും മോഹൻലാലും സംസാരിച്ചിരുന്നു. കേരളീയരെന്ന ചിന്ത ഉയര്‍ത്തി പിടിക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്. വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നേരത്തെ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. ലോകസാഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഓര്‍മപ്പെടുത്താനായി സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ വേദിയില്‍ തനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നെന്നും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എല്ലാ മംഗളാശംസകളും നേരുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Mohanlal shared a photo with mammootty